ഏഷ്യാകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ഫൈനല്‍ മത്സരം തുടങ്ങും മുന്‍പ് ഗ്രൗണ്ടില്‍ അസാധാരണ കാഴ്ച്ചകള്‍. ടോസ് സമയത്ത് പതിവിനു വിപരീതമായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയും മുന്‍ പാക്ക് താരം വഖാര്‍ യൂനിസും അവതാരകരായി ഗ്രൗണ്ടിലെത്തി. രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടു മാത്രമാണു സംസാരിച്ചത്. വഖാര്‍ യൂനിസ് പാക്ക് ക്യാപ്റ്റനോടും ചോദ്യങ്ങള്‍ ചോദിച്ചു.
ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഒരു അവതാരകന്‍ മാത്രമാണ് ടോസ് സമയത്ത് താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റമെന്ന് സംഘാടകര്‍ പ്രതികരിച്ചിട്ടില്ല. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
ടോസിനിടെ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഹസ്തദാനത്തിനും നിന്നില്ല. ടോസിനു മുന്‍പ് ട്രോഫിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒഴിവാക്കി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ മാത്രമാണ് ട്രോഫിക്കൊപ്പം പോസ് ചെയ്തത്.