india

ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് അസം ഡിഎസ്പി അറസ്റ്റില്‍

By webdesk17

October 08, 2025

ഗുവാഹതി: പ്രശസ്ത അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവും അസം പൊലീസിലെ ഡിഎസ്പിയുമായ സന്ദിപന്‍ ഗാര്‍ഗ് അറസ്റ്റിലായി. സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് സന്ദിപന്‍.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം അദ്ദേഹം ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. എസ്ഐടി 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.

സിംഗപ്പൂരില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുത്ത സമയത്ത്, സെപ്റ്റംബര്‍ 19-ന് സുബീന്‍ ഗാര്‍ഗ് മരിക്കുകയായിരുന്നു. ഇതിനകം ഫെസ്റ്റിവല്‍ മുഖ്യ സംഘാടകന്‍ ശ്യാംകാനും മഹന്ത, ഗായകന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, ബാന്റ് അംഗങ്ങള്‍ ശേഖര്‍ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യം റിപ്പോര്‍ട്ടുകള്‍ സ്‌കൂബ ഡൈവിങ്ങ് സമയത്ത് മരണമായതായി സൂചിപ്പിച്ചിരുന്നുവെങ്കിലും, പിന്നീട് കടലില്‍ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നു വ്യക്തമായി. ഇതോടെ സുബീന്‍ ഗാര്‍ഗിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന സംശയങ്ങള്‍ ഉയര്‍ന്നു.

അഞ്ച് ദിവസത്തെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം സന്ദിപന്‍ ഗാര്‍ഗിനെ അറസ്റ്റു ചെയ്തതാണ്. അടുത്ത ദിവസങ്ങളില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുമെന്ന് അസം സിഐഡി ഡിജിപി മുന്ന ഗുപ്ത വ്യക്തമാക്കി.