india

നിയമസഭാ ഉപതെരഞ്ഞെടുപ്പ്; അഞ്ചിടത്ത് കോൺഗ്രസും ഒരിടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു

By webdesk13

July 13, 2024

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അഞ്ചിടത്ത് കോൺഗ്രസും മൂന്നിടത്ത് തൃണമൂലും ഒരിടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു. ജലന്ധർ വെസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെക്കാൾ ആം ആദ്മി സ്ഥാനാർഥി 20778 വോട്ടുകൾക്ക് മുന്നിലാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ​ശേഷം ഇന്ത്യ മുന്നണിയും എൻ.ഡി.എയും വീണ്ടും വിവിധ മണ്ഡലങ്ങളിൽ നേർക്ക് നേർ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 10 നാണ് നടന്നത്.

റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാൾ), ദെഹ്‌റ, ഹാമിർപൂർ, നാലഗഡ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗലൂർ (ഉത്തരാഖണ്ഡ്) ജലന്ധർ വെസ്റ്റ് (പഞ്ചാബ്) റുപൗലി (ബിഹാർ) വിക്രവണ്ടി (തമിഴ്നാട് ) അമർവാര (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഉത്തരാഖണ്ഡിലെ ബദരീനാഥിലും മംഗളൂരുവിലും കോൺഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്​. ബിഹാറിലെ റുപൗലിയിൽ ജെഡിയുവും പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആം ആദ്മി പാർട്ടിയും ഹിമാചൽ പ്രദേശിലെ ദെഹ്റയിൽ ബിജെപിയും ഹാമിർപുരിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.