തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.
കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കും, തമിഴ്‌നാട്ടിൽ 234 സീറ്റുകളിലേക്കും, അസ്സാമിൽ 126 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണു സാധ്യത. എന്നാൽ പശ്ചിമ ബംഗാളിലും അസ്സാമിലും ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രിൽ 17നും 24നും ഇടയിൽ കേരളത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച പുറത്തുവന്നേക്കും.ബി.ജെ.പി എ ക്ലാസ് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ മത്സരചിത്രം വ്യക്തമായേക്കും.
2021ലെ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായും അസ്സാമിൽ മൂന്ന് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടന്നിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായിരുന്നു വോട്ടെടുപ്പ്.
വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കുന്നതിനാൽ അവിടെ വോട്ടെടുപ്പ് ഏപ്രിൽ മുതൽ മേയ് ആദ്യവാരം വരെ നടക്കാൻ സാധ്യതയുണ്ട്. പ്രഖ്യാപനം വന്നതോടെ സ്ഥാനാർഥി ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് മുന്നണികളുടെ തീരുമാനം.