തിരുവനന്തപുരം: എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. ആദ്യഘട്ടമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ)യുടെ നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും യോഗം ഓൺലൈനായി ചേർന്നു. തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി യും യോഗത്തിൽ പങ്കെടുത്തു.
ഓരോ ജില്ലയിലെയും ബൂത്ത് എണ്ണമനുസരിച്ച് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും, ആവശ്യമായ സൗകര്യങ്ങൾ, സാങ്കേതിക ക്രമീകരണങ്ങൾ എന്നിവ നിശ്ചയിക്കൽ, ജില്ലകളിലെ പൊതുസ്ഥിതിഗതി വിലയിരുത്തൽ തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന അജണ്ട.
സാധാരണ ഉദ്യോഗസ്ഥ വിന്യാസവുമായി ബന്ധപ്പെട്ട് ജില്ലകളിൽ നിന്ന് പൊലീസ് വകുപ്പും ഭരണകൂടവും തയ്യാറാക്കുന്ന രണ്ട് പട്ടികകൾ കമ്മീഷനിലേക്ക് എത്തുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് ആശയവിനിമയം നടത്തി ഒറ്റ പട്ടിക നൽകണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ജില്ലകളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സി.ഇ.ഒ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം ഈ മാസം അഞ്ചിന് ഡൽഹിയിൽ നടക്കും. സി.ഇ.ഒയ്ക്ക് പുറമെ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി യും യോഗത്തിൽ പങ്കെടുക്കും. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന ആരംഭിച്ചു. ഭാരത് ഇലക്ട്രോണിക്സിലെ എൻജിനീയർമാരാണ് യന്ത്രങ്ങൾ പരിശോധിക്കുന്നത്. ഇതിനിടയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ശനിയാഴ്ചകളിൽ ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗം താൽക്കാലികമായി നിർത്തിവച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നാണ് ധാരണ.
2026 ഫെബ്രുവരി 21നാണ് എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന് സമാന്തരമായി സംസ്ഥാനത്ത് ബൂത്ത് പുനഃക്രമീകരണവും നടന്നു. ഒരു ബൂത്തിൽ പരമാവധി 1150 വോട്ടർമാരെ ഉൾപ്പെടുത്തി പുനഃക്രമീകരണം നടത്തിയതോടെ പുതുതായി 5003 ബൂത്തുകൾ കൂടി രൂപപ്പെട്ടു. ഇതോടെ ആകെ 30,044 ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാകുക.
കോവിഡ് സാഹചര്യത്തിൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ബൂത്തുകൾക്ക് പുറമെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 40,771 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ബൂത്ത് ക്രമീകരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നിർണായകമായ തയ്യാറെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്.