കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമനരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യ മന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം പാഴായെന്ന് ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പിലാണ് സമരം.
വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച ആഭ്യന്തര അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ഹര്‍ഷിന ആരോപിച്ചു. സ്ത്രീയാണ്, അമ്മയാണ്, കൂടെയുണ്ടാകുമെന്നെല്ലാം ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 2ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപതമാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
ഹര്‍ഷിനയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയത് കൊണ്ടൊന്നും കാര്യമില്ല. പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.കെ രാഘവന്‍ എ.പി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും ഇടപെടണമെന്ന് അദ്ദേഹം വ്യക്തമാക്കി.
2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.