kerala

അര്‍ധരാത്രി നടന്‍ വാതിലില്‍ മുട്ടി; സിനിമയില്‍ അവസരം ഇല്ലാതാക്കാന്‍ നോക്കി: നടി ശിവാനി

By webdesk14

August 28, 2024

ചൈന ടൗണ്‍ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും മോഹന്‍ലാല്‍ ഇടപെട്ട് അതു തടഞ്ഞെന്നും നടി ശിവാനി. മറ്റൊരു ലൊക്കേഷനില്‍ തന്റെ വാതിലില്‍ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും ശിവാനി പറയുന്നു.

അതേസമയം, ഇപ്പോൾ ആരോപിക്കപ്പെട്ടവരിൽ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശിവാനി ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വാതിലിൽ മുട്ടി ഓടിപ്പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കും ഒരു മണിക്കുമൊക്കെയാണ് ഇതു ചെയ്യുന്നത്. അന്നു മുറിയിൽ കൂടെ അമ്മയും ഉണ്ടായിരുന്നു. ആളെ കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഒരു തവണ അമ്മ അതു നേരിൽകണ്ടു. അങ്ങനെ സംവിധായകനോടും നിർമാതാവിനോടും പറഞ്ഞെന്നും നടി പറഞ്ഞു.

അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ നടൻ രാത്രിയിൽ വന്ന് തന്റെ കതകിൽ സ്ഥിരം മുട്ടുവായിരുന്നുവെന്ന് നടി ശിവാനി പറഞ്ഞു. ആ നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാൾ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി.തുടർന്ന് മോഹൻലാൽ ഇടപെട്ടാണ് തനിക്ക് ചൈന ടൗണിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി തുറന്നു പറഞ്ഞു.