സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തേടിയെത്തുന്നവരുടെ മനസ്സിലെ സൂക്ഷ്മഖിന്നത പോലും കണ്ടെടുത്ത് സ്നേഹമന്ത്രം കൊണ്ട് ലേപനം പുരട്ടി ആശ്വാസം നല്‍കിയിരുന്ന ഭിഷ്വഗ്വരനായിരുന്നു പ്രിയപ്പെട്ട സഹോദരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കാരുണ്യത്തിന്റെ ആള്‍രൂപമെന്ന പ്രയോഗം ഏറ്റവുമധികം ഇണങ്ങുന്നൊരാള്‍. കഴിഞ്ഞ ദിവസം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി മുസ്‌ലിം ലീഗ് പണികഴിപ്പിച്ച വീടുകള്‍ കൈമാറിയപ്പോള്‍ ഏറ്റവുമധികം ആഗ്രഹിച്ച സാമീപ്യം അദ്ദേഹത്തിന്റേതായിരുന്നു. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം വീട് നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്‌മ പദ്ധതി നടപ്പിലാക്കിയ നേതാവിനെ. ശൂന്യമായ ആകാശത്തിന് കീഴില്‍നിന്നും വാടക വീടുകളില്‍നിന്നും ആളുകളെ തേടിയെടുത്ത് അടച്ചുറപ്പുള്ള ഭവനങ്ങളിലേക്ക് ആനയിച്ച പ്രിയപ്പെട്ടവരെ…
കേരളത്തിലെ സാംസ്‌കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്. ലളിതമായ സംസാരംകൊണ്ടും ഹൃദ്യമായ പെരുമാറ്റംകൊണ്ടും മനുഷ്യരെ തങ്ങളിലേക്കാകര്‍ഷിക്കുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു. വേദനകളില്‍ ആശ്വാസം തേടിയെത്തുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവരുടെ നോവുകള്‍ തീര്‍ക്കുന്നതിനും അവര്‍ക്ക് സാധിച്ചു. ആ ജീവിതചര്യ പകര്‍ത്തുകയാണ് എന്റെയും പിന്‍തലമുറയുടെയും ഉത്തരവാദിത്തം. അത് നിറവേറ്റാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞങ്ങളെല്ലാം. അതിനായി ഇന്നും ഞങ്ങളുടെ മുറ്റം ജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരിക്കുകയാണ്. അവിടെയിറങ്ങിനടക്കുന്നത് അവരാണ്. അവിടെ ഓടിക്കളിക്കുന്നത് അവരുടെ മക്കളാണ്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ അവരുടേതാണ്. അത് ഞങ്ങള്‍ അവരുടെ വിഹാരത്തിനായി വിട്ടുനല്‍കിയതാണ്.
വളരെ ചെറുപ്പത്തില്‍തന്നെ പിതാവ് മരണപ്പെട്ടതോടെ സഹോദരങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു എന്റെ ബാല്യകാലം. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ശിക്ഷണവും ശാസനയും വ്യക്തിത്വത്തെ പരുവപ്പെടുത്തി. പിന്നീട് ചുമതലകളോരോന്നും ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ മാര്‍ഗദര്‍ശിയായും അവരുണ്ടായിരുന്നു. സംഘടനകളുടെ നേതൃത്വത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നതിന് അവസാനം വരെ കൂടെയുണ്ടായിരുന്നതും പ്രിയപ്പെട്ട ആറ്റാക്കയായിരുന്നു. എസ്.കെ.എസ്.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം മുസ്ലിം യൂത്ത് ലീഗ്, എസ്.വൈ.എസ്, മുസ്ലിംലീഗ് നേതൃത്വത്തിലെത്തുന്നതുവരെ അദ്ദേഹം കൂടെ നടന്നു. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും അദ്ദേഹത്തില്‍നിന്നും പകര്‍ന്നുകിട്ടി. പ്രതിസന്ധിഘട്ടങ്ങളില്‍ കൂട്ട് അദ്ദേഹത്തിന്റെ മൊഴികളാണ്, പ്രവര്‍ത്തനങ്ങളും രീതിശാസ്ത്രവുമാണ്.
പിതാവ് മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ആറ്റാക്ക പഠനം പൂര്‍ത്തിയാക്കി വരുന്നത്. ഞാനും അനുജന്‍ അബ്ബാസലി ശിഹാബുമൊക്കെ ബാല്യത്തിലാണ്. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളുമൊക്കെ ബാപ്പാന്റെ പൊതു പ്രവര്‍ത്തനത്തിന്റെ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തന മണ്ഡലത്തില്‍. ഇതോടെ ആറ്റാക്ക പിതാവിനെ ശുശ്രൂഷിക്കാന്‍ കൂടെതന്നെ നിന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ആറ്റാക്കക്കും ബാപ്പയെ അത്രയേറെ ഇഷ്ടമായിരുന്നു. ചെറുപ്പം മുതലേ ബാപ്പാക്കൊപ്പം കിടക്കുന്നത് ആറ്റാക്കയാണ്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതോടെ ആ ഹൃദയ ബന്ധം ഊഷ്മളമായത്. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് കുറെക്കാലം വാപ്പാന്റെ ചെറിയ കുട്ടിയായിരുന്നല്ലോ. ആ അടുപ്പം ബാപ്പാക്ക് വലിയ ആശ്വാസമേകി. മരുന്നും ഭക്ഷണവും കൊടുത്തു പരിചരിച്ച ആറ്റാക്ക, ബോംബെയിലേക്ക് ബാപ്പയെ ചികിത്സക്ക് കൊണ്ടു പോയപ്പോഴും കൂടെപ്പോയി. പാണക്കാട് അഹമ്മദാജിയും ചാക്കീരി അഹമ്മദ് കുട്ടി സാഹിബുമൊക്കെയാണ് കൂടെ പോയ മറ്റുള്ളവര്‍. അന്ന് രോഗത്തിന്റെ ഗൗരവമോ തീവ്രതയോ ഒന്നും എനിക്കറിയുമായിരുന്നില്ല. ബോംബെ ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തി വീട്ടില്‍ തന്നെ കിടന്ന് ചികിത്സ ചെയ്യുമ്പോഴും എവിടേക്കും പോകാതെ ആറ്റാക്ക കൂടെ തന്നെയായിരുന്നു. ആറ്റാക്കയുടെ പഠനകാര്യത്തിലും ബാപ്പാക്ക് വലിയ ശ്രദ്ധയുണ്ടായിരുന്നു. പാണക്കാട് സ്‌കൂളിലെ പ്രൈമറി പഠന ശേഷം മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന കോഴിക്കോട് മദ്രസ്സത്തുല്‍ മുഹമ്മദിയ ഹൈസ്‌കൂളിലേക്ക് വിട്ടു. പിന്നീട് എം.എം ഹൈസ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. എസ്.എസ്.എല്‍.സി പാസ്സായി തിരിച്ചെത്തി ദര്‍സിലും വൈകാതെ പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലും പഠനം. മഊനത്തില്‍നിന്ന് ബിരുദമെടുത്ത ശേഷമാണ്, പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ ചേരുന്നതും ഫൈസി ബിരുദവും കരസ്ഥമാക്കുന്നതും. ഇ. കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല ഉസ്താദ്, കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാഗുരുനാഥന്‍മാരുടെ ഇഷ്ട ശിഷ്യനായ അദ്ദേഹം ജീവിതത്തിലുടനീളം ആ ഔന്നിത്യം കാത്തു സൂക്ഷിച്ചു. ശംസുല്‍ ഉലമ തന്റെ ശിക്ഷ്യനായ ഹൈദരലി തങ്ങളെ കൊണ്ട് പല വേദികളിലും ദുആ ചെയ്യിപ്പിച്ചാണ് സ്‌നേഹം പ്രകടിപ്പിച്ചതും ആദരിച്ചതും. ബാപ്പയില്‍നിന്ന് നേരിട്ട് ലഭിച്ച ആത്മീയ ശിക്ഷണവും കരഗതമാക്കിയ വിജ്ഞാനവും ആര്‍ജ്ജിച്ചെടുത്ത നേതൃപാടവും പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേതൃഗുണങ്ങളിലേക്ക് ഉയരാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി. പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വ സമന്വയത്തെ ശാന്തമായി അദ്ദേഹം പ്രതിഫലിപ്പിച്ചു.
ബാപ്പാന്റെ മരണത്തോടെ ശിഹാബ് തങ്ങള്‍ സംസ്ഥാന മുസ്ലിംലീഗിന്റെയും ഹൈദരലി തങ്ങള്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റേയും അമരത്തേക്ക് വന്നു. മുസ്‌ലിം ലീഗിനെയും സമസ്തയെയും ഹൃദയത്തിലേറ്റി അര്‍പ്പിത മനസ്സുമായി നയിച്ചു. എസ്.കെ.എസ്.എസ്.എഫിന് മുമ്പ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന എസ്.എസ്.എഫ് പ്രഥമ പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍, പിന്നീട് എസ്.വൈ.എസ് പ്രസിഡന്റുമായി. സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരിക്കുമ്പോള്‍ തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനവും പരാതിക്ക് ഇടയില്ലാത്ത വിധം അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. രണ്ട് പതിറ്റാണ്ടിലേറെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായ ശേഷമാണ് അദ്ദേഹം ശിഹാബ് തങ്ങളുടെ വിയോഗ ശേഷം സംസ്ഥാന പ്രസിഡന്റാവുന്നത്. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍നിന്നു നയിച്ച അദ്ദേഹം, മുസ്‌ലിംലീഗിന് ഏറ്റവുമധികം എം.എല്‍. എമാരെയും മന്ത്രിമാരെയും സംഭാവന ചെയ്ത പ്രസിഡന്റുകൂടിയാണ്. ഇന്ന് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് നാം നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റു രാഷ്ട്രീയ തീരുമാനത്തിലും ആറ്റാക്കയുടെ മാതൃകയുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയെന്നതില്‍ നിന്നും ഭരണപക്ഷ പാര്‍ട്ടിയാകാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ്. അതിനുള്ള പ്രവര്‍ത്തനോര്‍ജ്ജമായി അദ്ദേഹത്തിന്റെ ഓര്‍മകളുണ്ട്. ആറ്റാക്ക നയിച്ച വഴിയേ സമൂഹത്തെയും സമുദായത്തെയും നയിക്കാന്‍ നമുക്ക് കരുത്തുണ്ടാകണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ. മഹാനവര്‍കളുടെ ദറജ ഉയര്‍ത്തട്ടെ.