ബംഗളൂരു: അഥർവ തൈഡെയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോര്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് അഥർവ തൈഡെയും അമൻ മൊഖാഡെയും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസെടുത്ത മൊഖാഡെ പുറത്തായതിന് ശേഷം, തൈഡെയും യാഷ് റാത്തോഡും ചേർന്ന് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213ലേക്ക് ഉയർത്തി. 97 പന്തിൽ നിന്ന് 15 ബൗണ്ടറിയും മൂന്ന് സിക്സറുകളും അടക്കം തകർപ്പൻ പ്രകടനമാണ് അഥർവ തൈഡെ പുറത്തെടുത്തത്. സെഞ്ച്വറി നേടിയ തൈഡെയുടെ നേതൃത്വത്തിൽ 50 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി.
318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. അവരുടെ പ്രധാന ബാറ്റർമാരായ ഹാർവിക് ദേശായിയും വിശ്വരാജ് സിങ് ജഡേജയും പവർപ്ലേയിൽ പുറത്തായി. പിന്നാലെ സമർ ഗജ്ജറും മടങ്ങിയതോടെ സൗരാഷ്ട്ര ബുദ്ധിമുട്ടിലായി. പ്രേരക് മങ്കാദും ചിരാഗ് ജാനിയും ശക്തമായി പൊരുതിയെങ്കിലും, അവസാനത്തിൽ സൗരാഷ്ട്ര 279 റൺസിന് ഓൾ ഔട്ടായി.