crime

എ.ടി.എം. കൗണ്ടർ വെട്ടിപ്പൊളിച്ച് കവർച്ചാ ശ്രമം; കൈമഴു ഉപയോഗിച്ച് കൗണ്ടർ വെട്ടിപ്പൊളിച്ചു

By webdesk14

January 01, 2024

നിലമ്പൂര്‍: വഴിക്കടവിൽ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ എ.ടി.എം. കൗണ്ടർ വെട്ടിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമംനടത്തി. അർബൻ ബാങ്കിന്റെ പഞ്ചായത്ത് അങ്ങാടിയിലുള്ള ശാഖയുടെ എ.ടി.എം. കൗണ്ടറാണ് ഞായറാഴ്ച പുലർച്ചെ മഴു ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചത്. എന്നാൽ പണം നഷ്‌ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. രാവിലെ കൗണ്ടറിൽനിന്ന് പണം എടുക്കാനായി എത്തിയ ആളാണ് മോഷണവിവരം പോലീസിനെ അറിയിച്ചത്.

കൈമഴു ഉപയോഗിച്ച് കൗണ്ടർ വെട്ടിപ്പൊളിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചു. മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ രൂപത്തോട് സാദൃശ്യമുള്ള ഒരാൾ ശനിയാഴ്‌ച രാത്രി പതിനൊന്നോടെ കൗണ്ടറിന് സമീപമുള്ള തട്ടുകടയിൽനിന്ന് നെയ്ച്ചോറും ചിക്കനും കഴിച്ചതായി കടയുടമ. മറ്റൊരു കടയിൽനിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ചിത്രം ഇവിടത്തെ സി.സി.ടി.വി.യിൽനിന്നു ലഭിച്ചിട്ടുണ്ട്.