News

മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരത; കൂട്ടബലാത്സംഗ കേസില്‍ നാല് പേര്‍ പിടിയില്‍

By Manya

February 07, 2026

ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ, പരിചയക്കാരനായ മിന്റു ജയ്സ്വാള്‍ ബൈക്കില്‍ ഇരുവരെയും കയറ്റി. വഴിയില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം, പെണ്‍കുട്ടിയെ അടുത്തുള്ള ഖനിപ്രദേശത്തേക്ക് കൊണ്ടുപോയ ഇയാള്‍ മറ്റു സുഹൃത്തുക്കളെ വിളിച്ചു വരുത്തി. തുടര്‍ന്ന് ബലമായി മദ്യം നല്‍കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ സ്ഥലത്ത് ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നതിനാലാണ് ബൈക്കില്‍ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ മിന്റു ജയ്സ്വാള്‍ (24), രവിനന്ദന്‍ സിങ് ഗൗര്‍ (22), നീരജ് ജയ്സ്വാള്‍ (21), സുഭാഷ് ജയ്സ്വാള്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.