കോഴിക്കോട്: ബി.ജെ.പിയുടെ ഹര്‍ത്താല്‍ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിയാടി അമ്പലക്കുളങ്ങര സ്വദേശിയായ ശ്രീജുവിനാണ് വെട്ടേറ്റത്. ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ കാറിലെത്തിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസമാണ് പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യയും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുമായ സാനിയ മനോമി എന്നിവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.