എറണാകുളം: എറണാകുളം കാക്കനാട് പാലച്ചുവടിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പാലച്ചുവടിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവർക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് ടൗണിലെ കോഴിക്കടക്കാരനും സമീപത്തെ വീട്ടമ്മയും ഉൾപ്പെടെ എട്ട് പേർക്ക് തെരുവുനായ കടിയേറ്റു.
മൂന്ന് മണിയോടെ സമീപത്തെ അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയ ഒരു രക്ഷിതാവിനും നായ കടിയേറ്റതായി നാട്ടുകാർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ഇതിന് മുൻപും ഇതേ പ്രദേശത്ത് സമാന രീതിയിൽ തെരുവുനായ ആക്രമണമുണ്ടായിരുന്നുവെന്നും നാട്ടുകാർ അറിയിച്ചു.