india

ഹോളി ആഘോഷത്തിനിടെ ആക്രമണം; ജാര്‍ഖണ്ഡില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു

By webdesk18

March 15, 2025

ജാര്‍ഖണ്ഡില്‍ ഹോളി ആഘോഷത്തിനിടെ ആക്രമണം. ഗിരിദിഹ് ജില്ലയിലെ ഘോര്‍ത്തംബയില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നലെ ഘോഡ്താംബ ചൗക്കിന് സമീപമുള്ളൊരു തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് സംഭവം. ഇരു സമുദായങ്ങള്‍ തമ്മില്‍ മണിക്കൂറോളം വാക്കേറ്റമുണ്ടായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗങ്ങളും കല്ലെറിയുകയും തുടര്‍ന്ന് കടകള്‍ക്ക് തീവെക്കുകയുമായിരുന്നു.

പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാശനഷ്ട കണക്കുകളും പൊലീസ് വിലയിരുത്തുന്നു.