kerala

ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കാറിനു നേരെ ആക്രമണം; വയോധികക്ക് പരിക്ക്

By webdesk17

September 30, 2024

ഗണേശോത്സവ ഘോഷയാത്രക്കിടെ കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം. പരിക്കേറ്റ വയോധികയെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ ഏനാദിമംഗലം സ്വദേശി സുബൈദ ബീവി (79)ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി പന്തളം ജങ്ഷനില്‍ ഗണേശോത്സവ ഘോഷയാത്ര നടത്തിയിരുന്നു. ഘോഷയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. മുട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് രാത്രി 7.30 ഓടെ സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുബൈദയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

സുബൈദയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പൊലീസ് കേസെടുത്തു. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.