Video Stories

ജബൽപൂര്‍ ആക്രമണം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

By webdesk13

April 05, 2025

ജബല്‍പൂരില്‍ മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ജബല്‍പൂര്‍ പൊലീസ് കേസെടുത്തത്.

വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് കുമാര്‍ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുകയും വീണ്ടും അക്രമികള്‍ തടയുകയും ചെയ്തു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്ലയിലേക്ക് പോയത്.