തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഗൗരവമായി കാണുമെന്നും ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളും കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ റോയിയെ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. കുടുംബത്തോടൊപ്പം മാളിലെത്തിയ മിഥുനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും നടന്ന ഡി.ജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് സംഘത്തെ നേരിട്ട പൊലീസില്‍ മിഥുന്‍ റോയിയും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാളില്‍ വെച്ച് തന്നെ ആക്രമിച്ചതെന്ന് പൊലീസ് ആരോപിക്കുന്നു.
മര്‍ദനമേറ്റ പൊലീസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും ആക്രമണം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയതും വലിയ വിവാദമായിരുന്നു. വിവാദം ശക്തമായതോടെ സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.