kerala

മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആക്രമണം; രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞു

By webdesk18

December 24, 2025

കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരുടെയും വലതുകൈക്ക് ഒടിവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തു നിന്നിരുന്ന പ്രതിയോട് സെല്ലിലേക്ക് തിരികെ പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്.

കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച് പ്രതി ആദ്യം റിജുമോണെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു നാരായണന്റെ കൈ പിടിച്ച് ശക്തമായി തിരിച്ചതോടെ അദ്ദേഹത്തിനും ഒടിവേറ്റു. ആക്രമണത്തിനിടെ പുറത്തെത്തിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണിയും പ്രതി മുഴക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

തോപ്പുംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്‍സീറിനെ മട്ടാഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.