kerala

കൊച്ചി കലൂരിലെ വിനായകന്റെ ഫ്‌ലാറ്റിനു നേരെ ആക്രമണം; ജനലുകള്‍ അടിച്ചുതകര്‍ത്തു

By webdesk11

July 20, 2023

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകന്റെ വീടിന് നേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അതേസമയം ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്കില്‍ ലൈവിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് 3 ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ വിനായകന്‍ ലൈവില്‍ ചോദിച്ചു.

നടനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.