കോഴിക്കോട് നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ സംഘത്തെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.
സംഭവത്തില്‍ പരിക്കേറ്റ യുവാവിനെ മുഖത്ത് ഉള്‍പ്പെടെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറല്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെ യുവാവിനെ കാറില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ ട്രാക്ക് ചെയ്ത് പ്രതികളെ വേഗത്തില്‍ പിടികൂടുകയായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ യുവാവ് ഏറെകാലമായി കോഴിക്കോട് താമസിക്കുന്ന ആളാണ്. കസ്റ്റഡിയില്‍ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.
യുവാവ് പരാതി നല്‍കാന്‍ തയാറായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.