News

നഗരൂരില്‍ പൊലീസിന് നേരെ ആക്രമണ ശ്രമം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

By vismaya

February 28, 2026

തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍യില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നഗരൂര്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുന്നതിനായാണ് പൊലീസ് സംഘം എത്തിയിരുന്നത്.

രണ്ട് പ്രതികളുടെ വീടുകളില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇതില്‍ പ്രകോപിതരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ പൊലീസ് വാഹനം തടഞ്ഞു. തുടര്‍ന്ന് നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.

സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമുഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ പൊലീസ് തന്നെയാണ് അസഭ്യം വിളിച്ചതെന്ന പരാതിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പൊലീസ് നടപടികള്‍ ഏകപക്ഷീയമാണെന്ന ആരോപണവും സംഘടന മുന്നോട്ടുവച്ചു.