kerala

മുക്കത്തെ പീഡനശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടു

By webdesk17

February 04, 2025

കോഴിക്കോട് മുക്കത്തിനടുത്ത് മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് നേരെ ഹോട്ടലുടമയും സുഹൃത്തുക്കളും നടത്തിയ പീഡന ശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടു. പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ താമസസ്ഥലത്തിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ യുവതി മാമ്പറ്റയിലെ ‘സങ്കേതം’ എന്ന ഹോട്ടലിലെ ജീവനക്കാരിയാണ്.

”എന്നെ ഒന്നും ചെയ്യല്ലേ…’ എന്ന് യുവതി നിരവധി തവണ അലറി വിളിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. സങ്കേതം ഹോട്ടലുടമ ദേവദാസാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നയാളുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ‘അങ്കിള്‍ ഇന്നലെ സംസാരിച്ചതല്ലേ, ഒച്ച ഉണ്ടാക്കിയാല്‍ എന്റെ മാനം പോകും’ -എന്നും ഇയാള്‍ പറയുന്നുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഹോട്ടല്‍ ഉടമയും മറ്റു രണ്ടു പേരും രാത്രി യുവതിയുടെ താമസസ്ഥലത്തെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി താഴേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഹോട്ടല്‍ ഉടമ ദേവദാസ്, ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

എന്നാല്‍ പ്രതികള്‍ കേസ് പിന്‍വലിക്കാന്‍ ബന്ധുക്കളെ സ്വധീനിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെ കുടുംബം ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു. യുവതിയുടെ താമസസ്ഥലത്തേക്ക് പ്രതികള്‍ വരുമ്പോള്‍ മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നു യുവതി. അതിനിടയില്‍ യുവതി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.