india

ചായയുമായി ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമം, ട്രാക്കിലേക്ക് തെന്നിവീണു, ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

By webdesk13

September 19, 2024

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീണു. ട്രെയിന്റെ അടിയില്‍പെട്ട് സന്ദീപ് മരിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി.