kerala

അതുല്യയുടെ മരണം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

By webdesk18

August 05, 2025

ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അതുല്യയുടെ കുടുംബം ഇത് വിശ്വാസത്തിലെടുക്കാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണ് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്.

ജൂലൈ 19നാണ് ഷാര്‍ജയിലെ ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അതുല്യ ജീവനൊടുക്കില്ലെന്ന വാദവുമായി സതീഷ് രംഗത്തെത്തിയിരുന്നു. അതുല്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാനില്‍ കെട്ടിത്തൂങ്ങി താനും മരിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പൊലീസില്‍ പരാതി നല്‍കിയത്.