News

‘എന്റെ കരിയറിലെ എല്ലാ പ്രതിസന്ധികളിലും ദൈവത്തെപോലെ കൂടെ നിന്നത് പ്രേക്ഷകര്‍’; സര്‍വ്വം മായയുടെ വിജയത്തില്‍ നന്ദിയറിയിച്ച് നിവിന്‍ പോളി

By webdesk17

January 05, 2026

കൊച്ചി: നിവിന്‍പോളി ചിത്രം ‘സര്‍വ്വം മായ, നേടിയ വന്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ നിവിന്‍ പോളി. കൊച്ചിയില്‍ നടന്ന തിയേറ്റര്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം പ്രേക്ഷകരോട് നന്ദി അറിയിച്ചത്. മലയാള സിനിമ മുന്നോട്ട് പോകുമ്പോഴും ഈ വിജയം തനിക്കും തന്റെ ടീമിനും വ്യക്തിപരമാണെന്ന് നിവിന്‍ പോളി പറഞ്ഞു.

കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണിതെന്നും ഇത്തരമൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമ നല്‍കണമെന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നിവിന്‍ പോളി വ്യക്തമാക്കി.

‘പല പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ദൈവത്തെ വിളിക്കും. അപ്പോള്‍ ഒരു മറുപടി കിട്ടും. എന്റെ കരിയറില്‍ പല ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും വന്നപ്പോള്‍ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങള്‍ക്കായി മാത്രം സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങള്‍ക്ക് ഇനിയും ആസ്വദിക്കാന്‍ കഴിയട്ടെ എന്നതാണ് ആഗ്രഹം. ഇവിടെ വന്നതിനും നിങ്ങളെ കാണാന്‍ സാധിച്ചതിലും വളരെ സന്തോഷം. ഇപ്പോഴുള്ള സ്‌നേഹവും പിന്തുണയും ഇനിയും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു,’ നിവിന്‍ പോളി പറഞ്ഞു.

അഖില്‍ സത്യന്‍ തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിച്ച സര്‍വ്വം മായ ആഗോളതലത്തില്‍ 101 കോടി രൂപയുടെ കളക്ഷന്‍ നേടിയതായി അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു. റിലീസ് ചെയ്ത പത്താം ദിവസമാണ് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയത്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന പ്രത്യേകതയും സര്‍വ്വം മായയ്ക്ക് സ്വന്തമാണ്. വലിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

റിയ ഷിബു, പ്രീതി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സര്‍വ്വം മായയ്ക്കുണ്ട്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.