സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിശ്രഫലങ്ങള്‍. പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്‌പെയുടെ ചാങ് കോ ചി പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 എന്ന നേരിട്ടുള്ള സെറ്റ് സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മറികടന്നത്.
അടുത്ത റൗണ്ടില്‍ ഇവര്‍ വീണ്ടും ചൈനീസ് തായ്‌പേയ് അംഗങ്ങളായ സു ചിങ്‌ഹെങ് വു ഗുവാന്‍ സുന്‍ കൂട്ടുകെട്ടിനെ നേരിടും.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഫെബ്രിയാന ദ്വിപുജി കുസുമ മെയ്ലിസ ട്രിയാസ് പുസ്പിതസരി കൂട്ടുകെട്ട് 21-10, 21-14 എന്ന വ്യത്യാസത്തിലാണ് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.
സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവര്‍ ബുധനാഴ്ച കോര്‍ട്ടില്‍ ഇറങ്ങും.