വിയന്ന: ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചുപൂട്ടാനും ഇമാമുമാരെ പുറത്താക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടന അപലപിച്ചു. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് ഓസ്ട്രിയ ശ്രമിക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ഇബ്രാഹിം ഓല്‍ഗുന്‍ പറഞ്ഞു.
രാഷ്ട്രീയ ഇസ്‌ലാമിനെ പിടിച്ചുകെട്ടാന്‍ ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ സഹായകമാകില്ല. പകരം മുസ്‌ലിം സമൂഹത്തിനകത്തെ ഘടനകളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പള്ളികള്‍ക്കും ഇമാമുമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് മുസ്‌ലിം സംഘടനകളെ മുന്‍കൂട്ടി വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് ഓല്‍ഗുന്‍ പറഞ്ഞു. മുസ്‌ലിം സമൂഹത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നതിന് മുമ്പ് പ്രശ്‌നങ്ങള്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതായിരുന്നു. അതിന് കാത്തുനില്‍ക്കാതെ റമസാനിലെ അവസാന വെള്ളിയാഴ്ച ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പത്രസമ്മേളനം വിളിച്ച് പള്ളികള്‍ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന 2015ലെ നിയമപ്രകാരമാണ് ഓസ്ട്രിയന്‍ ഭരണകൂടം പള്ളികള്‍ അടച്ചുപൂട്ടിയത്. ഓസ്ട്രിയ പുറത്താക്കുന്ന ഇമാമുമാര്‍ തുര്‍ക്കിയില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നവരാണ്. ഓസ്ട്രിയയുടെ നടപടിയെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഓസ്ട്രിയയില്‍ 360,000 തുര്‍ക്കി വംശജരുണ്ടെന്നാണ് കണക്ക്.