Health

മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഓട്ടിസം നേരത്തെ തിരിച്ചറിയാം

By webdesk17

April 02, 2026

ശ്രിനില.പി. പീഡിയാട്രിക് സൈക്കോളജിസ്റ്റ് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്

“ഡോക്ടറേ…ഞാൻ എന്റെ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ച് എത്ര ലാളിച്ചാലും അവൻ ഒന്ന് ചിരിക്കുകയോ സ്നേഹത്തോടെ എന്റെ മുഖത്ത് തലോടുകയോ.. ഒന്നുമില്ല. എത്ര സ്നേഹത്തോടെ വിളിച്ചാലും വിളി കേൾക്കാൻ പോലും കുഞ്ഞ് തയാറല്ല”. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് നിറകണ്ണുകളോടെ സംസാരിച്ച ഒരമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കുഞ്ഞിന്റെ അച്ഛൻ ഒന്നും മിണ്ടാനാകാതെ തങ്ങളുടെ രണ്ടര വയസ്സുകാരനായ മകനെ നോക്കി നിസ്സഹായനായി നിൽക്കുകയായിരുന്നു. ആ കുരുന്നാകട്ടെ അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തിരുന്ന് അവന് കൊടുത്ത കളിപ്പാട്ടങ്ങൾ വരിവരിയായി അടുക്കിവെക്കുന്ന തിരക്കിലും. സ്വന്തം കുഞ്ഞിന്റെ കൊച്ചു ലോകത്തേക്ക് കടന്നുചെല്ലാനാകാതെ, അവനൊരുമ്മ നൽകാൻ പോലും കഴിയാതെ ആ ലോകത്തിന് പുറത്തുനിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുന്ന വേദന ഒരു ഡോക്ടർക്ക് എളുപ്പം മനസിലാക്കാൻ കഴിയും.

പലപ്പോഴും കുട്ടികളുടെ കുറുമ്പാണെന്നോ സംസാരം തുടങ്ങാനുള്ള കാലതാമസമാണെന്നോ കരുതി നമ്മൾ നിസ്സാരവൽക്കരിക്കുന്ന ഈ അകൽച്ച ഒരുപക്ഷേ ഓട്ടിസത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാകാം. കുഞ്ഞിന്റെ ആശയവിനിമയ ശേഷിയെയും ചുറ്റുപാടുകളോടുള്ള ഇടപെടലുകളെയും ബാധിക്കുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയാണിത്. മൂന്ന് വയസ്സിന് മുൻപ് തന്നെ ഇതിന്റെ സൂചനകൾ പ്രകടമാകാറുണ്ട്. ഈ അവസ്ഥയെ എത്രയും വേഗം തിരിച്ചറിയുക എന്നതാണ് ആ കുരുന്നുകൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും. കാരണം, കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ആ കുഞ്ഞുങ്ങളുടെ അടഞ്ഞുകിടക്കുന്ന ലോകത്തിന്റെ വാതിലുകൾ മെല്ലെ തുറക്കാനും അവരെ കൈപിടിച്ചുയർത്താനും നമുക്ക് സാധിക്കും.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ

രോഗനിർണ്ണയത്തിനും തുടർചികിത്സയ്ക്കും ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുക എന്നത് അത്യാവശ്യമാണ്. മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ആശയവിനിമയത്തിലും പെരുമാറ്റത്തിലുമുള്ള വ്യതിയാനങ്ങളാണ്. ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെ പ്രായമായിട്ടും പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക, മറ്റുള്ളവരോട് പുഞ്ചിരിക്കാൻ മടികാണിക്കുക, കണ്ണുകളിൽ നോക്കാതിരിക്കുക, അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് കാണിക്കുക എന്നിവയൊക്കെ സാമൂഹിക ഇടപെടലുകളിലെ പോരായ്മകളുടെ സൂചനകളാണ്.

ഇതിനൊപ്പം തന്നെ സംസാരത്തിലും ഭാഷാശേഷിയിലുമുള്ള കാലതാമസവും പ്രത്യേകം ശ്രദ്ധിക്കണം. പന്ത്രണ്ട് മാസമായിട്ടും ബബ്ലിങ് ശബ്ദങ്ങൾ പുറപ്പെടുവിക്കാതിരിക്കുക, പതിനാറ് മാസമായിട്ടും വാക്കുകൾ പറയാതിരിക്കുക, വിരൽ ചൂണ്ടുകയോ കൈവീശി കാണിക്കുകയോ പോലുള്ള ആംഗ്യങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാകാം. ഇതിനെല്ലാം പുറമെ, കുട്ടി നേരത്തെ സംസാരിച്ചിരുന്ന വാക്കുകളോ നേടിയെടുത്ത കഴിവുകളോ പിന്നീട് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയും വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

ചില പ്രത്യേകതരം പെരുമാറ്റങ്ങളും വിനോദങ്ങളോടുള്ള അമിതമായ താല്പര്യവും ഈ കുട്ടികളിൽ കാണാം. കൈകൾ പ്രത്യേക രീതിയിൽ ചലിപ്പിക്കുക, വട്ടം കറങ്ങുക, മുന്നോട്ടും പിന്നോട്ടും ആടുക, ഒരേ പ്രവൃത്തികളോ ശബ്ദങ്ങളോ തന്നെ ആവർത്തിച്ച് ചെയ്യുക തുടങ്ങിയവ ഇതിൽപ്പെടും. ഇവർക്ക് കൃത്യമായ ദിനചര്യകളോട് വലിയ താല്പര്യമായിരിക്കും. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും അവർ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ചില പ്രത്യേക വസ്തുക്കളോടോ വിഷയങ്ങളോടോ ഇവർക്ക് അമിതമായ ആകർഷണവും ഉണ്ടാകാം.

അനുഭവങ്ങളോടുള്ള ഇവരുടെ പ്രതികരണവും തികച്ചും വ്യത്യസ്തമായിരിക്കും. ഉച്ചത്തിലുള്ള ശബ്ദം, തീവ്രമായ വെളിച്ചം, ചില പ്രത്യേകതരം സ്പർശനങ്ങൾ എന്നിവയോട് ഇവർ അമിതമായി പ്രതികരിച്ചേക്കാം. എന്നാൽ, വേദനയോട് ഇവർ വളരെ കുറഞ്ഞ രീതിയിലാകും പ്രതികരിക്കുക. കുട്ടികളുടെ കളികളിലും ഈ വ്യത്യാസം പ്രകടമാണ്. സാങ്കൽപ്പിക കഥാപാത്രങ്ങളായുള്ള കളികളിൽ ഇവർക്ക് താല്പര്യമുണ്ടാകില്ല. മറ്റുള്ളവരുമായി ചേർന്ന് കളിക്കുന്നതിന് പകരം ഒറ്റയ്ക്ക് കളിക്കാനാകും ഇവർക്കിഷ്ടം. കളിപ്പാട്ടങ്ങൾ വെറുതെ വരിവരിയായി അടുക്കിവെക്കുന്നത് പോലുള്ള ആവർത്തന സ്വഭാവമുള്ള കളികളിലാകും ഇവർ എപ്പോഴും ഏർപ്പെടുക.

ആദ്യകാല ഇടപെടലുകൾ അനിവാര്യം

വികാസത്തിൽ കാലതാമസം നേരിടുന്നതോ അല്ലെങ്കിൽ ഡെവലപ്‌മെന്റൽ ഡിസോർഡറുകൾ വരാൻ സാധ്യതയുള്ളതോ ആയ കുട്ടികൾക്ക് ജനനം മുതൽ ഏകദേശം ആറ് വയസ്സ് വരെ നൽകുന്ന ചിട്ടയായ തെറാപ്പികളും വിദ്യാഭ്യാസപരമായ പിന്തുണയുമാണ് ഏർളി ഇന്റർവെൻഷൻ എന്ന് അറിയപ്പെടുന്നത്. ഈ ഇടപെടലുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടിയുടെ ആശയവിനിമയ ശേഷിയും ഭാഷാ നൈപുണ്യവും വളർത്തിയെടുക്കുന്നതിലാണ്. ഇതിനൊപ്പം സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും, വാശിയും ദേഷ്യവും പോലുള്ള സങ്കീർണ്ണമായ പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും ഇത്തരം തെറാപ്പികൾ സഹായിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവ് വളർത്താനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓട്ടിസത്തിന് തെറാപ്പി അനിവാര്യം

ഓട്ടിസം എന്നത് മരുന്നുകൾ കൊണ്ട് പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമല്ല എന്ന് മാതാപിതാക്കൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഓരോ കുട്ടിയുടെയും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞുള്ള ഒരു കൂട്ടായ പരിശ്രമമാണ് ഇതിന്റെ ചികിത്സ. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് വിവിധ തെറാപ്പികളാണ്. കുട്ടികളുടെ ആശയവിനിമയ ശേഷിയും ഭാഷാശേഷിയും മെച്ചപ്പെടുത്താൻ സ്പീച്ച് തെറാപ്പികൾ സഹായിക്കുമ്പോൾ, ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഒക്യുപ്പേഷണൽ തെറാപ്പിയാണ് നൽകുന്നത്. കൂടാതെ, കുട്ടികളുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ നിയന്ത്രിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ബിഹേവിയറൽ തെറാപ്പികൾ വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സ്പെഷ്യൽ എഡ്യൂക്കേഷന്റെ സഹായവും തേടാവുന്നതാണ്. ഓട്ടിസത്തിന് മാത്രമായി പ്രത്യേകിച്ച് മരുന്നുകൾ ഇല്ലെങ്കിലും, ഇതിനോടനുബന്ധിച്ച് കാണപ്പെടുന്ന അമിതമായ ദേഷ്യം, ഉറക്കമില്ലായ്മ, അമിത ശ്രദ്ധക്കുറവ് തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ നൽകേണ്ടി വന്നേക്കാം.

എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടത്?

കുട്ടിയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ എന്തെങ്കിലും കാലതാമസം നേരിടുന്നുണ്ടെങ്കിലോ, ആർജ്ജിച്ചെടുത്ത കഴിവുകൾ നഷ്ടപ്പെടുന്നുണ്ടെങ്കിലോ ഉടൻ തന്നെ മാതാപിതാക്കൾ പ്രൊഫഷണൽ സഹായം തേടേണ്ടതാണ്. സാമൂഹികമായോ ആശയവിനിമയപരമായോ എന്തെങ്കിലും ആശങ്കകൾ തോന്നിയാലും ഒട്ടും വൈകരുത്. ആദ്യകാല സ്ക്രീനിംഗ് ടൂളുകളുടെ സഹായത്തോടെ പീഡിയാട്രീഷ്യൻമാർ, സൈക്കോളജിസ്റ്റുകൾ, അല്ലെങ്കിൽ ഡെവലപ്‌മെന്റൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് കുട്ടിയെ പരിശോധിച്ച് നിങ്ങളുടെ ആശങ്കകൾ സ്ഥിരീകരിക്കാനും ആവശ്യമായ തുടർനടപടികൾ കൃത്യമായി നിർദ്ദേശിക്കാനും കഴിയും.

മാതാപിതാക്കളുടെ പങ്ക്

നേരത്തെയുള്ള ഇടപെടലുകൾ വിജയകരമാകണമെങ്കിൽ അതിൽ മാതാപിതാക്കളുടെയും പരിചരിക്കുന്നവരുടെയും പങ്ക് വളരെ വലുതാണ്. കുട്ടിയുടെ ഓരോ വികസന മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ആദ്യപടി. അർത്ഥവത്തായ ആശയവിനിമയങ്ങളിലൂടെയും കളികളിലൂടെയും കുട്ടിയുമായി നിരന്തരം ഇടപഴകുകയും അവർക്കായി കൃത്യമായ ഒരു ദിനചര്യ ചിട്ടപ്പെടുത്തുകയും വേണം. ഇതിനെല്ലാം ഉപരിയായി, തെറാപ്പിസ്റ്റുകളുമായും മറ്റ് പ്രൊഫഷണലുകളുമായും ചേർന്ന് പ്രവർത്തിക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോഴാണ് ഏറ്റവും മികച്ച ഫലം ലഭിക്കുന്നത്.