ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ മികവുകാട്ടുന്ന യുവകലാകാരന്‍മാര്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്‍ഡ് ട്രെയിനിങ് (സി.സി.ആര്‍.ടി.) ആണ് രണ്ടുവര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.

ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്, ക്ലാസിക്കല്‍ ഡാന്‍സ്, തിയേറ്റര്‍, മൈം, വിഷ്വല്‍ ആര്‍ട്സ്, ഫോക്ക്, ലൈറ്റ് ക്ലാസിക്കല്‍ മ്യൂസിക്, ട്രഡീഷണല്‍ ആന്‍ഡ് ഇന്‍ഡിജിനസ് ആര്‍ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകളെയാണ് പരിഗണിക്കുക. പ്രതിമാസം 5000 രൂപ ലഭിക്കും. പ്രായം 2018 ഏപ്രില്‍ ഒന്നിന് 18-ല്‍ താഴെയോ 25-ല്‍ കൂടുതലോ ആകരുത്. നേരത്തേ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

പരിശീലനം തുടരുന്നതിനാവശ്യമായ വിദ്യാഭ്യാസം അപേക്ഷകര്‍ക്കുവേണം. കൂടാതെ, അപേക്ഷിക്കുന്ന മേഖലയില്‍ ഇതിനകം കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിശീലനം ഗുരുവില്‍നിന്നോ ഒരുസ്ഥാപനത്തില്‍നിന്നോ നേടണം. അവസാന തീയതി ഡിസംബര്‍ 11 വരെ. വിശദവിവരങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക: http://www.indiaculture.nic.in