News

അവസരം ലഭിച്ചിരുന്നെങ്കില്‍ ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നു; ഇസ്രാഈല്‍ പ്രതിരോധമന്ത്രി

By webdesk18

June 27, 2025

ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷത്തിനിടെ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നുവെന്ന് ഇസ്രാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്‌സ്. ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്‌സ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാട്‌സ് കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞങ്ങളുടെ നിരീക്ഷണ പരിധിയില്‍ ഉണ്ടായിരുന്നെങ്കില്‍, ഖാംനഈയെ വധിക്കുമായിരുന്നു, ഞങ്ങള്‍ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി, ബങ്കറിനുള്ളിലേക്ക് പോയി, കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനാല്‍ വധിക്കാനായില്ല” -കാട്‌സ് പറഞ്ഞു. ഇസ്രാഈലി പ്രതിരോധ സേനയും (ഐ.ഡി.എഫ്) രഹസ്യാന്വേഷണ ഏജന്‍സികളും മുമ്പ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നെങ്കിലും, ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആദ്യമായാണ് സമ്മതിക്കുന്നത്.