Culture

അയോധ്യകേസ്: മധ്യസ്ഥ ശ്രമത്തെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍; കേസ് വിധി പറയാന്‍ മാറ്റി

By chandrika

March 06, 2019

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്ന കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തു. എന്നാല്‍ അയോധ്യ പ്രശ്‌നം വൈകാരികവും മാനസികവും ആയ പ്രശ്‌നമാണെന്നും കേവലം ഭൂമി തര്‍ക്കമല്ല എന്നും കോടതി നിരീക്ഷിച്ചു. തര്‍ക്കപരിഹാരം മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. മധ്യസ്ഥ ശ്രമത്തെ അനൂകൂലിക്കുന്ന നിലപാടാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍ 77 സെന്റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശാവസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു തീര്‍പ്പിന് ഒരു ശതമാനം സാധ്യത എങ്കിലും ബാക്കിയുണ്ടെങ്കില്‍ അതാണ് നല്ലതെന്നും ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സിവില്‍ പ്രൊസീജ്യര്‍ കോഡിലെ 89 -ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഈ നീക്കം. ഇത്തരം ഒരു ഉത്തരവ് ഇറക്കുകയാണെങ്കില്‍ നിയമരംഗത്തെ പ്രഗ്തഭരായിരിക്കും അതിന് നിയോഗിക്കപ്പെടുക. ഇവരുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി നിലനിര്‍ത്തുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.