Article

വിശ്വാസികള്‍ തള്ളിയ അയ്യപ്പ സംഗമം

By webdesk18

September 22, 2025

ഏറെകൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം വിശ്വാസി സമൂഹം തള്ളിക്കളഞ്ഞകാഴ്ച്ചക്കാണ് ശനിയാഴ്ച്ച കേരളം സാക്ഷ്യംവഹിച്ചത്. കിട്ടിയ അവസരങ്ങളിലെല്ലാം വിശ്വാസികളെയും ആരാധനാലയങ്ങളെയും പരിഹസിച്ചതിന്റെയും അപഹസിച്ചതിന്റെയും ചരിത്രം എമ്പാടും പറയാനുള്ള ഇടതു സര്‍ക്കാര്‍ കേവലം രാഷ്ട്രീയ താല്‍പര്യം മാത്രം ലക്ഷ്യംവെച്ചു നടത്തിയ പൊറാട്ട നാടകത്തെ കേരളം തിരിച്ചറിഞ്ഞുവെന്നതാണ് പ്രതീക്ഷിച്ചതിന്റെ നാലയലത്തുപോലും പരിപാടി എത്താതായിപ്പോയതിന്റെ പിന്നിലെ വസ്തുത. ശബരിമലയിലെ ആചാരലംഘനത്തിന് നിയമപരമായും രാഷ്ട്രീയമായും കൂട്ടുനിന്നതിന്റെ തയമ്പു പേറുന്ന മുഖ്യമന്ത്രിയും കൂട്ടരും കേവലം ട്രിപ്പീസുക ളിള്‍ക്കൊണ്ട് അതെല്ലാം മായ്ച്ചുകളയാമെന്ന ധാരണയിലായിരുന്നുവെങ്കില്‍, അതൊന്നും അത്രപെട്ടെന്ന് മാഞ്ഞുപോവില്ലെന്ന ഓര്‍മപ്പെടുത്തലാണ് വിശ്വാസി സമൂഹം നല്‍കിയിരിക്കുന്നത്.

വിശ്വാസികളെ വഞ്ചിച്ചും അവരുടെ ആത്മാഭിമാനത്തിന്റെ കടക്കല്‍ കത്തിവെച്ചുമാണ് ലോകത്ത് പലയിടങ്ങളിലും കമ്യൂണിസം അധികാരാരോഹണം നടത്തിയത്. എന്നാല്‍ കമ്യൂണിസ്റ്റുകളുടെ കൈയ്യിലെ കളിപ്പാവയായി നിന്നുകൊടുക്കാന്‍ പ്രബുദ്ധ കേരളത്തിലെ മതവിശ്വാസികളെ കിട്ടിയിട്ടില്ലെന്നത് വസ്തുതമാത്രമാണ്. അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റി, ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായി വന്നവരെപ്പോലും കേരളത്തിലെ വിശ്വാസസമൂഹം വെച്ചുപൊറുപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെയും വിശ്വാസികളുടെയും കാര്യത്തില്‍ കൃത്യമായൊരു നിലപാടിലെത്താന്‍ ഇക്കണ്ടകാലമത്രയായിട്ടും സി.പി.എമ്മിന് സാധിച്ചിട്ടുമില്ല.

ധ്രുവീകരണ രാഷ്ട്രീയത്തിനുവേണ്ടി മതവിശ്വാസത്തെ ഉപയോഗപ്പെടുത്തുകയെന്ന ഫാസിസ്റ്റ് സമീപനമാണ് വര്‍ത്തമാന കേരളത്തില്‍ സി.പി.എം സ്വീകരിച്ചുവരുന്നത്. ബി.ജെ.പിയെ വെല്ലുന്ന വര്‍ഗീയ നിലപാടുകളിലൂടെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അവര്‍ തീര്‍ത്തും അകന്നുപോയിരിക്കുകയാണ്. ഇരക്കൊപ്പം നില്‍ക്കുകയും വേട്ടക്കാര്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞുവെന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം. സാമാന്യ ജനം ഒന്നടങ്കം കൈയ്യൊഴിഞ്ഞപ്പോള്‍ കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ ഉപ്പുവെച്ച കലംപോലെ അവര്‍ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അധികാരത്തുടര്‍ച്ചയുടെ ആലസ്യത്തില്‍ അഭിരമിക്കുന്ന ഈ സര്‍ക്കാറിന് ഒമ്പതുവര്‍ഷക്കാലം പിന്നിട്ടിട്ടും അവകാശവാദങ്ങളുടെ പെരുമഴ പെയ്യിപ്പിക്കാനല്ലാതെ കൃത്യമായ രാഷ്ട്രീയമോ എണ്ണംപറഞ്ഞ വികസനമോ നാടിനു മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ഈ ഘട്ടത്തിലാണ് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്‍ക്കണ്ട് ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണശ്രമങ്ങളിലൂടെ തീ ക്കൊള്ളികൊണ്ട് തലചൊറിയാനുള്ള സി.പി.എം തീരുമാനം. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള ശ്രമം. ഒരു സംസ്ഥാന മുഖ്യമന്ത്രി എന്നതിനേക്കാളുപരി ബി.ജെ.പിയുടെ സ്റ്റാര്‍ കാമ്പയിനറാണ് യോഗി. വര്‍ഗീയതയുടെ കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാറിനേക്കാള്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കുന്ന സര്‍ക്കാറിന് നേതൃത്വം നല്‍കുന്നയാള്‍. ഇതേ യോഗിയെ അയ്യപ്പ സംഗമത്തിനെത്തിക്കാന്‍ നിതാന്ത ജാഗ്രതപുലര്‍ത്തുകയും ഒടുവില്‍ ആ അസാനിധ്യം മറികടക്കാന്‍ അദ്ദേഹത്തിന്റെ സന്ദേശം വകുപ്പ് മന്ത്രി തന്നെ ഏറെ പ്രാധാന്യത്തോടെ വായിക്കുകയും ചെയ്യുമ്പോള്‍ അത് ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശമമെന്താണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടോ.

യു.പിക്കു പുറമെ കര്‍ണാടക, ഡല്‍ഹി, തെലങ്കാന, ആന്ധ്ര സര്‍ക്കാരുകളെയും ദേവസ്വംബോര്‍ഡ് ക്ഷണിച്ചിരുന്നുവെങ്കിലും അവരൊന്നും പ്രതനിധികളെ പറഞ്ഞയച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അദ്ദേഹവും എത്തിയില്ല. എന്നാല്‍ ഇവരുടെയൊന്നും സന്ദേശം സംഘടിപ്പിക്കുകയോ അസാനിധ്യം എടുത്തുപറയുകയോ ചെയ്യാതിരുന്ന ദേവസ്വം വകുപ്പ് മന്ത്രി, യോഗിയുടെ കാര്യത്തില്‍ കാണിച്ചിരിക്കുന്ന ഈ അമിതാവേശത്തിനു പിന്നില്‍ വ്യക്തമായ താല്‍പര്യങ്ങളുണ്ട്. ബി.ജെ.പിയുടെ കേരള നേതൃത്വം അയ്യപ്പ സംഗമത്തെ വിമര്‍ശിക്കുകയും പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗിയുടെ ഈ സന്ദേശമെന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയുള്ള യോഗിയുടെയും ദേശീയ നേതൃത്വത്തിന്റെയും നീക്കങ്ങള്‍ സി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിത്തീര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനവും അവരാണെന്നുമടക്കമുള്ള പാര്‍ട്ടിയുടെ അടിവേരിളക്കുന്ന പ്രസ്താവനകള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടും ഒരക്ഷരം മറുത്തുപറയാന്‍ കഴിയാതായിപ്പോയതും ഈ ധ്രുവീകരണ രാഷ്ട്രീയം വഴി സി.പി.എമ്മിന് സംഭവിച്ച അപചയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.