ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽ.വി.എം3–എം6 റോക്കറ്റ് മറ്റൊരു ഭാരമേറിയ ഉപഗ്രഹവും വിജയകരമായി ബഹിരാകാശത്തിലെത്തിച്ചു. 6100 കിലോ ഭാരമുള്ള ‘ബ്ലൂബേർഡ് ബ്ലോക്ക്–2’ എന്ന അമേരിക്കൻ വാർത്താവിനിമയ ഉപഗ്രഹമാണ് എൽ.വി.എം3 വിക്ഷേപിച്ചത്.
ഇന്ത്യൻ മണ്ണിൽ നിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഇന്ത്യൻ കമ്പനിയായ ന്യൂസ്പേസും അമേരിക്കൻ സ്വകാര്യ സ്ഥാപനമായ എ.എസ്.ടി സ്‌പേസ് മൊബൈലും ചേർന്നാണ് ഉപഗ്രഹം വികസിപ്പിച്ചത്. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ബഹിരാകാശത്തിൽ നിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് സേവനം എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
43.5 മീറ്റർ ഉയരമുള്ള റോക്കറ്റ് ബുധനാഴ്ച രാവിലെ 8.55നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ഏകദേശം 15 മിനിറ്റിന് ശേഷം ഉപഗ്രഹം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിലെത്തി.
വിജയകരമായ ദൗത്യത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യക്കാർക്കുള്ള പുതുവത്സര–ക്രിസ്മസ് സമ്മാനമാണെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. എൽ.വി.എം3 റോക്കറ്റ് നൂറ് ശതമാനം വിജയനിരക്ക് നിലനിർത്തിയതായും, വെറും 52 ദിവസത്തിനുള്ളിൽ രണ്ട് എൽ.വി.എം3 റോക്കറ്റുകൾ വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യനെ ബഹിരാകാശത്തിലേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്ന് ബഹിരാകാശ സെക്രട്ടറി കൂടിയായ ഐ.എസ്.ആർ.ഒ ചെയർമാൻ കൂട്ടിച്ചേർത്തു. ഇതോടെ 34 രാജ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം 434 ആയി.