ഡോ. രാംപുനിയാനി

നീണ്ട കാത്തിരിപ്പിനൊടുവിലാണ്, ഏറെക്കാലമായി പരിഗണനയിലിരിക്കുന്ന രാമജന്മഭൂമി- ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് പരിഹാരം കാണണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അഭിപ്രായപ്പെട്ടത്. വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാകാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ് സംഘ് പരിവാര ശക്തികള്‍ ഐകകണ്‌ഠ്യേന ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ മുസ്‌ലിംകളും മറ്റുള്ളവരും കോടതിയുടെ നീക്കത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയാണുണ്ടായത്. നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നും അനുരഞ്ജനത്തിനല്ലെന്നുമാണ് ഇവരുടെ അഭിപ്രായം.
അലഹബാദ് കോടതിയുടെ ലഖ്‌നോ ബ്രാഞ്ച് വിധിയുടെ (2010) പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. ഈ വിധി പ്രകാരം തര്‍ക്കത്തിലുള്ള ഭൂമി മൂന്നായി വീതിച്ചു മൂന്നു കൂട്ടര്‍ക്കും നല്‍കണമെന്നാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഇത്തരമൊരു വിധിയിലൂടെ ഒരു സന്തുലിതമാക്കല്‍ പ്രക്രിയയാണ് കോടതി നടത്തിയത്. പ്രശ്‌നത്തില്‍ പങ്കാളികളായ രാം ലല്ല വിരാജ്മാന്‍, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു ബാബരി ഭൂമി വീതിച്ചു നല്‍കാനാണ് കോടതി അഭിപ്രായപ്പെട്ടത്. ശ്രീ രാമന്‍ ജനിച്ച സ്ഥലമെന്ന് പറയപ്പെടുന്ന ബാബരി മസ്ജിദിന്റെ മധ്യത്തിലെ താഴികക്കുടക്കു താഴെയുള്ള സ്ഥലം തീര്‍ച്ചയായും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും കോടതി വിശദമാക്കുന്നുണ്ട്. രാമക്ഷേത്രത്തിനായുള്ള വഴി ഇപ്പോള്‍ തുറന്നിരിക്കുകയാണെന്നും എല്ലാ പാര്‍ട്ടികളും ഈ ‘ദേശീയ’ ദൗത്യവുമായി സഹകരിക്കണമെന്നുമാണ് ബാബരി മസ്ജിദ് പൊളിച്ച സന്തോഷ പ്രകടനത്തിനിടയില്‍ ഒരു ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കിയിരുന്നത്.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഈ വിധി പ്രസ്താവം ഞെട്ടിക്കുന്ന കാര്യമാണ്. അഞ്ഞൂറു വര്‍ഷം മുമ്പു മുതല്‍ തന്നെ ബാബരി മസ്ജിദ് ഇവിടെ ഉണ്ടായിരുന്നുവെന്നും ആ ഭൂമി സുന്നി വഖഫ് ബോര്‍ഡിനു കീഴിലായിരുന്നുവെന്നതും വസ്തുതയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് തര്‍ക്കം ഉടലെടുക്കുന്നത്. 1885ല്‍ പോലും അവിടെ ഒരു ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. 1949ല്‍ ബലപ്രയോഗത്തിലൂടെ വിഗ്രഹം സ്ഥാപിച്ചതിനു ശേഷമാണ് കാര്യങ്ങള്‍ പ്രതികൂലമായി ബാധിച്ചത്.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടത്തിവന്ന വി.എച്ച്.പിയില്‍ നിന്ന് ലാല്‍ കൃഷ്ണ അദ്വാനി പ്രശ്‌നം ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പി പ്രസിഡണ്ടായിരുന്ന അദ്വാനി വിഷയം ഏറ്റെടുത്തതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാവം ശക്തവും വിശാലവുമായി. ഹിന്ദു വോട്ട് ബാങ്ക് ഏകീകരിക്കുന്നതിലേക്കു തുടക്കംകുറിച്ച വന്‍ ധ്രുവീകരണ പ്രക്രിയയാണ് നടന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ അനന്തര ഫലത്തേക്കാള്‍ കൂടുതലായിരുന്നു ക്ഷേത്ര നിര്‍മ്മാണത്തിനായി അദ്വാനി നടത്തിയ രഥയാത്രയുമായി ബന്ധപ്പെട്ടു നടന്ന പടയൊരുക്കം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ സംവരണത്തെ എതിര്‍ത്ത വലിയൊരു വിഭാഗം രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പടയൊരുക്കത്തില്‍ പങ്കാളികളായി. മണ്ഡല്‍ കമ്മീഷനെ ബി.ജെ.പി നേരിട്ട് എതിര്‍ത്തില്ലെങ്കിലും രാമക്ഷേത്ര വിഷയവുമായി അതിനെ പരിവര്‍ത്തനം ചെയ്ത് എതിര്‍ക്കുകയായിരുന്നു.
ഈ വിഷയം സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തിന്റെ അതിലോലമായ നൂല് പൊട്ടിക്കുന്നതായിരുന്നു. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തച്ചുടക്കുന്നതിലെത്തിയതാണ് ഈ പ്രചാരണത്തിന്റെ മൂര്‍ധന്യാവസ്ഥ. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ആര്‍.എസ്.എസ് സംഘ്പരിവാരം വലിയ തോതില്‍ ആളുകളെ സംഘടിപ്പിച്ചിരുന്നു. പള്ളി പൊളിക്കുന്നത് തടയുന്നതില്‍ പ്രാദേശിക ഭരണകൂടം ദയനീയ പരാജയമായിരുന്നു. അക്കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയിലെ കല്യാണ്‍സിങ് എല്ലാ സഹായങ്ങളും ചെയ്തു. പള്ളി സംരക്ഷിക്കുമെന്ന് സുപ്രീം കോടതിയില്‍ വാഗ്ദാനം ചെയ്തിട്ടും കല്യാണ്‍സിങ് അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയായിരുന്നു.
പള്ളിക്കടിയില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ‘ആര്‍ക്കിയോളജിസ്റ്റ് കര്‍സേവകര്‍’ ശ്രമിച്ചതോടെയാണ് സംഭവം വഴിതിരിഞ്ഞ് കൂടുതല്‍ വഷളായത്. പുരാവസ്തുശാസ്ത്ര പ്രകാരം ഇത് സ്ഥാപിക്കപ്പെട്ടതല്ല. ‘ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം’ അവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗം നല്‍കുകയെന്ന ഹൈക്കോടതി ബെഞ്ചിന്റെ അഭിപ്രയം, ബാബരി മസ്ജിദിനു താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ട് എന്നതിന് വിശ്വാസയോഗ്യമായ തെളിവില്ല എന്നത് വ്യക്തമാക്കുന്നതാണ്. ബാബരി മസ്ജിദ് പൊളിച്ചത് വലിയ കുറ്റവും വന്‍ ഗൂഢാലോചനയുടെ ഫലവുമാണ്. എന്നിട്ടും പള്ളി പൊളിച്ച സംഘത്തിലെ നേതാക്കളാരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഗൂ്യൂ്യൂഢാലോചന നടന്നതു സംബന്ധിച്ച് ലിബര്‍ഹാന്‍ കമ്മീഷന്‍ അടിവരയിട്ടു പറഞ്ഞിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏറെ താമസിച്ചുപോയിരുന്നു. രാജ്യത്തിനെതിരായ ഈ കുറ്റകൃത്യത്തിനു ശേഷം അദ്വാനിയും സംഘവും ശക്തിപ്രാപിച്ചത് മുറിവില്‍ ഉപ്പു പുരട്ടുന്നതിനു സമാനമായി. പള്ളി തകര്‍ത്തത് മുസ്‌ലിംകള്‍ക്കെതിരെ വലിയ തോതിലുള്ള കലാപത്തിലേക്കും വഴിവെച്ചിരുന്നു; രാജ്യത്തെ മിക്ക പ്രദേശങ്ങള്‍ക്കു പുറമെ മുംബൈ, ഭോപ്പാല്‍, സൂറത്ത് എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും. ഈ കലാപങ്ങളിലെ കുറ്റക്കാരെ പൂര്‍ണമായും വിട്ടയക്കുകയോ അല്ലെങ്കില്‍ താക്കീതു നല്‍കി വിടുകയോ ആണുണ്ടായത്.
കോടതികള്‍ നീതി പ്രസ്താവിക്കുകയാണ് വേണ്ടത്. ഇവിടെ ഈ തര്‍ക്കത്തിന്റെ കാര്യത്തില്‍ ഉടമസ്ഥാവകാശമാണ് യഥാര്‍ത്ഥ പ്രശ്‌നം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളേക്കാള്‍ ‘വിശ്വാസ’ത്തിനാണ് ഹൈക്കോടതി കൂടുതല്‍ പരിഗണന നല്‍കിയത്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി എല്ലാ പ്രശ്‌നങ്ങളെയും നിയമ കോണിലൂടെ നോക്കിക്കാണേണ്ടതും ഇതുവരെ ചെയ്ത തെറ്റുകള്‍ നേരെയാക്കേണ്ടതുമാണ്. ശക്തമായ നിയമ വശങ്ങള്‍ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വരെ അവസാനിപ്പിക്കാന്‍ പര്യാപ്തമായത്. കോടതിക്കു പുറത്ത് സമവായത്തിനു വിളിക്കുന്നതിനു പകരം ഇപ്പോഴത്തെ ചുറ്റുപാടില്‍ നീതിയുടെ വീക്ഷണകോണിലൂടെ പരിശോധിക്കുന്നതാണ് നല്ലത്. നേരത്തെ ഹിന്ദു സംഘങ്ങള്‍ പറയുന്നതുപോലെ മുസ്‌ലിംകള്‍ ഈ സ്ഥലത്തിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ച് അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തി അവിടെ പള്ളി പണിയുകയെന്നതാകും കോടതിക്കു പുറത്തുള്ള തീര്‍പ്പുകല്‍പ്പിക്കല്‍. ഇരു വിഭാഗവും തുല്യ ശക്തരല്ല എന്നതുപോലെ തന്നെ അവരുടെ അധികാരവും ഉത്കണ്ഠാകുലമാണ്.
അവകാശവാദത്തില്‍ നിന്ന് മുസ്‌ലിംകള്‍ പിന്മാറുന്നില്ലെങ്കില്‍ ബി.ജെ.പി പ്രബല ശക്തിയാകുമ്പോള്‍ പാര്‍ലമെന്റ് വഴി ബില്ല് കൊണ്ടുവരുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവരില്‍ നിന്ന് ഭീഷണിയുമുണ്ട്. എന്തുതന്നെയായാലും ഇത്തരം ഭീഷണികള്‍ അധാര്‍മ്മികമാണ്, എല്ലാവര്‍ക്കും നീതി ലഭിക്കേണ്ടതാണ്. ബാബരി മസ്ജിദ് കൂടാതെ രാജ്യത്തെ നിരവധി പള്ളികള്‍ക്കുമേല്‍ ഇപ്പോള്‍ തന്നെ സംഘ്പരിവാരങ്ങള്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. കോടതിക്കു പുറത്തുള്ള സമവായത്തിനു മുതിര്‍ന്നാല്‍ ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അവകാശവാദവുമായി രംഗത്തെത്തുകയും മുസ്‌ലിം പ്രതിനിധികള്‍ മൂലയിലേക്കു തള്ളപ്പെടുകയും ചെയ്യും. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഗുണകരമല്ല. മറ്റു പള്ളികളുമായുള്ള പ്രശ്‌നങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നത് മത ന്യൂനപക്ഷങ്ങള്‍ക്ക് അനുചിതവും ഭയപ്പെടുത്തുന്നതുമാണ്. അത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.