kerala

കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍

By webdesk17

November 05, 2025

തളിപ്പറമ്പ്: കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാ മസ്ജിദിന് സമീപത്തെ ജാബിറിന്റെ മകന്‍ 49 ദിവസം പ്രായമായ അമീഷ് അലനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ് എം.പി. മുബഷിറയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ മാതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് മാതാവ് പറഞ്ഞിരുന്നു. മുബഷിറയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരനാണ് 24 കോല്‍ താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചത്.

അതേസമയം ഇരുമ്പ് ഗ്രില്ലും ആള്‍മറയുമുള്ള കിണറിന് വലയുമുണ്ട്. അതിലൂടെ കുട്ടി വീണുവെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ മാതാവ് കിണറ്റിലിട്ടതാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുബഷിറ കുറ്റം സമ്മതിച്ചി. ബുധനാഴ്ച രാവിലെയാണ് മുബഷിറയെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗമുണ്ട്. ഇതിലൂടെയാണ് കുട്ടി വീണത്. അതേസമയം കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.