india

സര്‍ക്കാരിന് തിരിച്ചടി; റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീംകോടതി

By webdesk14

July 14, 2023

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മീഷന്‍ നല്‍കാനാണ് ഉത്തരവ്. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന്‍ നല്‍കാനുള്ളത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഹരജി പരമോന്നത കോടതി തള്ളി.

കൊവിഡ് കാലത്ത് കമ്മീഷന്‍ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ റേഷന്‍ കടയുടമകള്‍ കോടതിയലക്ഷ്യ ഹരജി നല്‍കി.

തുടര്‍ന്ന് കുടിശ്ശിക തീര്‍ത്തു നല്‍കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഹരജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളുകയും കമ്മീഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.