നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവ കേരള സര്‍വ്വേ എന്ന പേരില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സിപിഐഎം എല്‍ഡിഎഫ് അനുഭാവികളെയും പ്രവര്‍ത്തകരേയും വിന്യസിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നതില്‍ പദ്ധതിയെ തടഞ്ഞുകൊണ്ട് ഉത്തരവ് ലഭിച്ചു. ഈ പദ്ധതി സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്വരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണ് എന്ന് കണ്ടുകൊണ്ട് ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ല എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിപ്രസ്താവന നടത്തി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെയിന്‍ ജയ്‌സണ്‍ മാത്യുവാണ് അലോഷ്യസ് സേവിയറിനായി കോടതിയില്‍ ഹാജരായത്.