Connect with us

Film

റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിന്മാറ്റം; അക്ഷയ് ഖന്നക്കെതിരെ നിയമ നടപടിയുമായി ദൃശ്യം3യുടെ നിര്‍മാതാവ്

അക്ഷയ് ഖന്നയുടെ മുന്‍ ചിത്രം ‘ധുരന്ധര്‍’ വലിയ വിജയമായിരുന്നു.

Published

on

മുംബൈ: ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അക്ഷയ് ഖന്ന പിന്മാറിയതില്‍ നിയമനടപടിയുമായി നിര്‍മാതാവ്. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്ഷയ് ഖന്ന പിന്മാറിയതിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിച്ച് മൂന്ന് തവണ ചര്‍ച്ച നടന്നിരുന്നു. അക്ഷയ് ഖന്നയുടെ മുന്‍ ചിത്രം ‘ധുരന്ധര്‍’ വലിയ വിജയമായിരുന്നു. അതോടെ തന്റെ പ്രതിഫലം 21 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു കാരണം.

കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ വലിയ തുക താരം ആവശ്യപ്പെട്ടതോടെ നിര്‍മാതാക്കള്‍ തര്‍ക്കത്തിലെത്തുകയായിരുന്നു. ശേഷം താരം ഫോണ്‍ എടുക്കാന്‍ തയ്യാറായില്ലെന്നും നിര്‍മാതാവ് കുമാര്‍ മംഗത് പഥക് പറഞ്ഞു. താരം പിന്മാറിയതോടെ ജയ്ദീപ് അഹ്ലാവത്തിനെ പകരം പ്രഖ്യാപിച്ചിരുന്നു.

നിര്‍മാണ കമ്പനി വഴി അക്ഷയ് ഖന്നയ്ക്ക് നിയമപരമായ നോട്ടീസ് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാവ്. പ്രതിഫലത്തിന് പുറമെ ചിത്രത്തിലെ ഖന്നയുടെ കഥാപാത്രത്തിന്റെ ഹെയര്‍സ്‌റ്റൈലുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളും ഇതിന് കാരണമായെന്നും നിര്‍മാതാവ് പറഞ്ഞു. ദൃശ്യം 2ലെ ഐജി തരുണ്‍ അഹ്ലാവത് എന്ന അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രത്തിന് മുടിയുണ്ടായിരുന്നില്ല. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തനിക്ക് വിഗ് വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചതും തര്‍ക്കത്തിനു കാരണമായി.

സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് അക്ഷയ് തന്റെ പിന്മാറ്റം അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുക കൈപ്പറ്റിയ ശേഷം പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കുമാര്‍ മംഗത് പറഞ്ഞു.

 

Film

ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപ്പെട്ട് ഭ ഭ ബ

റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

Published

on

കൊച്ചി: ദിലീപ് നായകനായി ഈയിടെ റിലീസായ ഭ ഭ ബ ചിത്രം ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്മസ് അവധി പോലും പൂര്‍ണമായി മുതലെടുക്കാനാകാതെ ആദ്യ വാരാന്ത്യത്തില്‍ തന്നെ പ്രേക്ഷകര്‍ ചിത്രം കൈവിട്ടുവെന്നാണ് സൂചന.

നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ 33 കോടി രൂപ കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വരുമാനം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പുറത്തുവിട്ട സക്സസ് ടീസറിലൂടെയാണ് ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു’ എന്ന പ്രഖ്യാപനം നടത്തിയത്. പുതിയ ക്രിസ്മസ് റിലീസുകള്‍ കൂടി എത്തിയതോടെ ദിലീപ് ചിത്രത്തിന് തിയേറ്ററുകളില്‍ മത്സരം കടുത്തിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ചിത്രത്തിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ സംസാരിച്ച ദിലീപ്, ചിത്രത്തിനെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്നുവെന്ന് ആരോപിച്ചു. ഒരു സിനിമയ്ക്ക് മോശം റിവ്യൂ നല്‍കുമ്പോള്‍ തിയേറ്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ ഉപജീവനത്തെയാണ് അത് ബാധിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

Continue Reading

Film

ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ

Published

on

തിയറ്റർ റിലീസിന് ശേഷം പ്രേക്ഷകർ കാത്തിരുന്ന നിരവധി മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒ.ടി.ടിയിലേക്ക് എത്തുകയാണ്. വ്യത്യസ്ത വിഷയങ്ങളും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധ നേടിയ മൂന്ന് സിനിമകളാണ് പ്രേക്ഷകരെ തേടി എത്തുന്നത്. സന്ദീപ് പ്രദീപ് നായകനായ ത്രില്ലർ ചിത്രം ‘എക്കോ’, പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉള്ളൊഴുക്ക്’, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ എന്നിവയാണ് ഈ ആഴ്ചത്തെ പ്രധാന ഒ.ടി.ടി റിലീസുകൾ.

എക്കോ

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് സന്ദീപ് പ്രദീപ് നായകനായ ‘എക്കോ’ നവംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. എക്കോയിൽ സന്ദീപ് പ്രദീപിന് പുറമേ സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ ‘അനിമൽ ട്രൈലോജി’യിലെ അവസാന അധ്യായമാണ് ‘എക്കോ’. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്.

ഉള്ളൊഴുക്ക്

പാര്‍വതി തിരുവോത്ത്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. 2024 ജൂൺ 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടി. ചിത്രം ഡിസംബർ 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

മുമ്പ് ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായിരുന്ന ചിത്രം ഉടമസ്ഥാവകാശത്തിലെ മാറ്റത്തെ തുടർന്ന് പിന്നീട് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തിരുന്നു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ദുരിതം പകര്‍ത്തിയ കഥയും ചുരുളഴിയുന്ന ചില രഹസ്യങ്ങളുമാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ്, വീണ നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തിരി നേരം

വിശാഖ് ശക്തിയുടെ തിരക്കഥയിൽ പ്രശാന്ത് വിജയ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സംവിധായകൻ ജിയോ ബേബിയാണ്. നവംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ഡിസംബർ 25 മുതൽ സൺ നെക്സ്റ്റിലും ആമസോൺ പ്രൈം വിഡിയോയിലും സ്ട്രീമിങ് ആരംഭിച്ചു. ഒരുദിവസം രാത്രി മുതൽ പിറ്റേദിവസം നേരം പുലരും വരെയുള്ള കാലയളവിൽ നടക്കുന്ന സംഭവങ്ങളാണ് ഇത്തിരി നേരത്തിൽ പറയുന്നത്.

Continue Reading

Film

‘അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് ‘; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സംവിധായകന്‍

നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. അസോസിയേഷന്റെ വിജയചിത്രങ്ങളുടെ പട്ടികയില്‍ നരിവേട്ട ഉള്‍പ്പെടുത്തിയിട്ടില്ല. നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച, അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്. അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനുരാജ് .

സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസര്‍മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. ”തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്. എന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending