മുംബൈ: ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അക്ഷയ് ഖന്ന പിന്മാറിയതില്‍ നിയമനടപടിയുമായി നിര്‍മാതാവ്. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്ഷയ് ഖന്ന പിന്മാറിയതിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിച്ച് മൂന്ന് തവണ ചര്‍ച്ച നടന്നിരുന്നു. അക്ഷയ് ഖന്നയുടെ മുന്‍ ചിത്രം ‘ധുരന്ധര്‍’ വലിയ വിജയമായിരുന്നു. അതോടെ തന്റെ പ്രതിഫലം 21 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു കാരണം.
കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ വലിയ തുക താരം ആവശ്യപ്പെട്ടതോടെ നിര്‍മാതാക്കള്‍ തര്‍ക്കത്തിലെത്തുകയായിരുന്നു. ശേഷം താരം ഫോണ്‍ എടുക്കാന്‍ തയ്യാറായില്ലെന്നും നിര്‍മാതാവ് കുമാര്‍ മംഗത് പഥക് പറഞ്ഞു. താരം പിന്മാറിയതോടെ ജയ്ദീപ് അഹ്ലാവത്തിനെ പകരം പ്രഖ്യാപിച്ചിരുന്നു.
നിര്‍മാണ കമ്പനി വഴി അക്ഷയ് ഖന്നയ്ക്ക് നിയമപരമായ നോട്ടീസ് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാവ്. പ്രതിഫലത്തിന് പുറമെ ചിത്രത്തിലെ ഖന്നയുടെ കഥാപാത്രത്തിന്റെ ഹെയര്‍സ്‌റ്റൈലുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളും ഇതിന് കാരണമായെന്നും നിര്‍മാതാവ് പറഞ്ഞു. ദൃശ്യം 2ലെ ഐജി തരുണ്‍ അഹ്ലാവത് എന്ന അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രത്തിന് മുടിയുണ്ടായിരുന്നില്ല. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തനിക്ക് വിഗ് വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചതും തര്‍ക്കത്തിനു കാരണമായി.
സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് അക്ഷയ് തന്റെ പിന്മാറ്റം അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുക കൈപ്പറ്റിയ ശേഷം പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കുമാര്‍ മംഗത് പറഞ്ഞു.