അബുദാബി: കൊച്ചി വിമാനത്താവളത്തിലെ തൊഴിലാളികള്‍ ബാഗേജുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നു. പുത്തന്‍ എല്‍.സി.ഡി ടെലിവിഷന്‍ ഉപയോഗ ശൂന്യമായെന്ന പരാതിയുമായി മലയാളി യാത്രക്കാരന്‍ അധികൃതരെ സമീപിച്ചു.തൊടുപുഴ മുതലക്കോടം പട്ടയം കവല സ്വദേശി സിറാജുദ്ദീനാണ് നാട്ടിലേക്കുള്ള നാട്ടിലേക്കുള്ള യാത്രയില്‍ ബാഗേജായി കരുതിയ വില പിടിപ്പുള്ള എല്‍.സി.ഡി ടി.വി തകര്‍ത്തതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ജാബിര്‍ ശാഖ ഓഫീസില്‍ ഉദ്യോഗസ്ഥനായ സിറാജുദ്ദീന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചയെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്‌സിലായിരുന്നു യാത്ര.വ്യാഴാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി ബാഗേജ് പരിശോധിച്ചപ്പോള്‍ എല്‍.സി.ഡി ടി.വി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു എന്ന് സിറാജുദ്ദീന്‍ ‘മിഡില്‍ ഈസ്‌ററ് ചന്ദ്രിക’യോട് പറഞ്ഞു. സ്‌ക്രീന്‍ പൊട്ടി പൊളിഞ്ഞ നിലയിലാണ്. കൊച്ചി വിമാനത്താവളത്തിലെ തൊഴിലാളികളുടെ അശ്രദ്ധയാണ് പ്രശ്‌നത്തിന് ഹേതുവായത്. മാത്രമല്ല കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് നികുതിയായി രണ്ടായിരത്തി അഞ്ഞൂറിലധികം രൂപ ഈടാക്കുകയും ചെയ്തു.

 
തത്സമയം തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി. എങ്കിലും പരാതി എഴുതി നല്‍കാനായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് സിറാജുദ്ദീന്‍ എയര്‍പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. നേരത്തെ കേരളത്തിലെ വിമാനത്താവള ജീവനക്കാര്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മിക്കതിലും ഗള്‍ഫ് മലയാളികളാണ് ഇരകള്‍. കോഴിക്കോട് വിമാന ത്താവളത്തില്‍ വെച്ച് മലപ്പുറം സ്വദേശിയുടെ ബാഗേജ് കീറി നശിപ്പിച്ച സംഭവം മുമ്പ് ‘മിഡില്‍ ഈസ്‌ററ് ചന്ദ്രിക’ റിപ്പോര്‍ട് ചെയ്തിരുന്നു.

ഗഫൂര്‍ ബേക്കല്‍