ചെന്നൈ: സിനിമയുടെ രണ്ടാം ഭാഗത്തോടെ ബാഹുബലിയുടെ കഥക്ക് അവസാനമാകില്ലെന്ന് സംവിധായകന്‍ രാജമൗലി. ടെലിവിഷന്‍ സീരിയലായും അനിമേഷന്‍ പരമ്പരകളായും ബാഹുബലിയുടെ സംഭവബഹുലമായ കഥ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് രാജമൗലി ദുബൈയില്‍ പറഞ്ഞു. കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് രണ്ടാം ഭാഗത്തിലൂടെ ഉത്തരം ലഭിക്കുമെങ്കിലും ബാഹുബലിയുടെയും മഹിഷ്മതിയുടെയും കഥ സീരിയലുകളായും അനിമേഷന്‍ പരമ്പരകളായും ചിത്രകഥയായും പ്രേക്ഷകരിലെത്തും. ബാഹുബലിക്കായി തയാറാക്കിയ ആയുധങ്ങളും ഗ്രാഫിക്‌സുകളും ബാഹുബലി പരമ്പരക്കായി ഉപയോഗിക്കുമെന്നും രാജമൗലി പറഞ്ഞു. രമ്യകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയാണ് തന്റെ പ്രിയ കഥാപാത്രമെന്നും രാജമൗലി വ്യക്തമാക്കി. ശിവകാമി ദേവിയും ദേവസേനയും തമ്മിലുള്ള രംഗങ്ങളാണ് രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ബാഹുബലി ഗള്‍ഫ് പ്രേക്ഷകര്‍ക്കു മുന്നിലെത്തും.