ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് വിപണിയില്‍ തരംഗം തീര്‍ത്ത ബ്രാന്‍ഡാണ് ബജാജിന്റെ പള്‍സര്‍. കരുത്തും സ്റ്റൈലും പെര്‍ഫോമന്‍സും വഴി ലക്ഷക്കണക്കിന് ഇരുചക്രവാഹന പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പള്‍സര്‍ പരമ്പര അവസാനിപ്പിക്കുകയാണ് ബജാജ്. പകരം കൂടുതല്‍ മികവോടെ ഡൊമിനര്‍ എന്ന പേരില്‍ പുതിയ സീരീസ് ആരംഭിക്കുകയാണ്. ഡൊമിനറിലെ ആദ്യ ബൈക്ക് ആയ ഡൊമിനര്‍ 400 ഇപ്പോള്‍ വിപണനത്തിന് എത്തിക്കഴിഞ്ഞു.

ക്രാത്തോസ് എന്നായിരുന്നു പുതിയ സീരീസ് ബൈക്കിന് ബജാജ് ഇതിനു മുമ്പ് കണ്ട പേര്. എന്നാല്‍ ചില കോപ്പിറൈറ്റ് വിഷയങ്ങള്‍ കാരണം അത് മാറ്റുകയും ഡൊമിനറില്‍ എത്തുകയും ചെയ്തു. 2016 ഡിസംബറില്‍ പുതിയ പേരോടെ അവതരിപ്പിച്ച ബൈക്ക് ഇപ്പോള്‍ ഷോറൂമുകള്‍ വഴി വില്‍പന തുടങ്ങിക്കഴിഞ്ഞു.
കെ.ടി.എം ഡ്യൂക്ക്, റോയല്‍ എന്‍ഫീല്‍ഡ് 350, തുടങ്ങിയ മുന്‍നിര ബൈക്കുകള്‍ക്ക് മത്സരമുയര്‍ത്തും വിധമാണ് ബജാജ് ഡൊമിനറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ, സ്‌റ്റൈലിഷ് ഡിസൈന്‍, മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയാണ് ഈ ബെക്കിന്റെ പ്രത്യേകതകള്‍.

373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിനറിന് 6 സ്പീഡ് ഗിയര്‍ ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച് ടെലിസ്‌കോപിക്, 43 മി.മീ ഫോര്‍ക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, മള്‍ട്ടിസ്റ്റപ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയുണ്ട്. ഫ്രണ്ടില്‍ ഇരട്ട ചാനല്‍ എ.ബി.എസ്, 320 ഡയ. ഡിസ്‌ക്, പിന്നില്‍ ഇരട്ട ചാനല്‍ 230 ഡയ. ഡിസ്‌ക് എന്നിങ്ങനെയാണ് ബ്രേക്കിങ് സംവിധാനം. ഇതാദ്യമായി പൂര്‍ണമായി എല്‍.ഇ.ഡി ഉപയോഗിച്ചുള്ള ഹെഡ്‌ലാംപ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡൊമിനാര്‍ 400 ന് വെറും 3.3 സെക്കന്റ് മതിയാവും. 8.3 സെക്കന്റില്‍ 100 കി.മീ വേഗതയിലും ബൈക്ക് എത്തും. 148 കി.മീ ആണ് പരമാവധി വേഗത.

ഉന്നത ശ്രേണിയിലുള്ള ബൈക്ക് ആയതിനാല്‍ മൈലേജ് താരതമ്യേന കുറവാണ്. ലിറ്ററിന് 25 കി.മീ മുതല്‍ 30 കി.മീ വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 13 ലിറ്ററാണ് ടാങ്കിന്റെ കപാസിറ്റി.

മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂണ്‍വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഡൊമിനര്‍ 400 എത്തുന്നത്. 1.39 ലക്ഷം മുതല്‍ 1.55 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില