കൊച്ചി: മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പരാതിയുമായി നടന്‍ ബാല. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ബാലയുടെ ഭാര്യ കോകിലയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബാലയുടെ വക്കീലും കരൾ ദാനം ചെയ്ത ജേക്കബും കൂടെയുണ്ടായിരുന്നു. കുറച്ചേറെ ദിവസങ്ങളായി ബാലയുടെ പക്കൽ നിന്നും വിവാഹജീവിതം നയിച്ച നാളുകളിൽ അനുഭവിച്ച തിക്താനുഭവങ്ങൾ വിവരിച്ചു കൊണ്ട് എലിസബത്തന് ഉദയൻ ഫേസ്ബുക്ക് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയാണ്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരെ സംസാരിച്ചു കൊണ്ട് രംഗത്തു വരികയും, ഇതിനെതിരെ എലിസബത്ത് മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന നിലയിലായിരുന്നു കോകിലയുടെ ആരോപണങ്ങൾ. എലിസബത്തിന്റെ സഹോദരനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് എന്ന് അവകാശപ്പെടുന്ന ഏതാനും കടലാസുകൾ കയ്യില്പിടിച്ചു കൊണ്ടായിരുന്നു കോകിലയുടെ അവതരണം.