തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആസ്പത്രി വിട്ടു. ഒരു മാസത്തോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അവര്‍ സംസാരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വലതു കാലിലെ പരിക്ക് കൂടി ഭേദമായാല്‍ ലക്ഷ്മിക്ക് നടക്കാന്‍ കഴിയും. ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്‍ക്കാണ് അപകടകരമാം വിധം പരുക്കേറ്റിരുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ടായിരുന്നു. ഇവയെല്ലാം ഭേദപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. സംഭവസ്ഥലത്തുവെച്ചു തന്നെ മകള്‍ തേജസ്വിനിബാല മരണത്തിന് കീഴടങ്ങി. അപകടം നടന്ന് ഒരാഴ്ച്ചക്കുശേഷം ബാലഭാസ്‌ക്കറും മരിക്കുകയായിരുന്നു. ഇരുവരുടെയും മരണവാര്‍ത്ത ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ അറിയിച്ചിരുന്നു.