News

ഡിജിറ്റല്‍ മീഡിയ ചുമതലയില്‍ നിന്ന് ബല്‍റാമിനെ മാറ്റിയിട്ടില്ല: സണ്ണി ജോസഫ്

By webdesk17

September 08, 2025

കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് വി.ടി. ബല്‍റാമിനെ മാറ്റിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഡിജിറ്റല്‍ മീഡിയ സെല്‍ (ഡിഎംസി) വഴി എക്സ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ പാര്‍ട്ടി അനുഭാവികളായ പ്രൊഫഷണല്‍ സംഘമാണ് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവരുടെ ചുമതല. ദേശീയ വിഷയങ്ങളിലെ പോസ്റ്റുകള്‍ എഐസിസിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വി.ടി. ബല്‍റാമും പാര്‍ട്ടി നേതൃത്വവും അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വ്യക്തമാക്കുകയും പോസ്റ്റ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അത് ഉടന്‍ നീക്കം ചെയ്യുകയുമായിരുന്നു.

ചില മാധ്യമങ്ങള്‍ വി.ടി. ബല്‍റാമാണ് ട്വീറ്റ് നടത്തിയതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം നേതാക്കളും ചില മാധ്യമങ്ങളും അദ്ദേഹത്തെ വിവാദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വിവാദ പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ബല്‍റാം രാജിവെച്ചിട്ടില്ലെന്നും പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈസ് പ്രസിഡന്റും ഡിഎംസി ചെയര്‍മാനുമായ ബല്‍റാം ഇപ്പോഴും ചുമതലയില്‍ തുടരുകയാണെന്നും വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സോഷ്യല്‍ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാതെ പിണറായി വിജയനും മന്ത്രിമാരും ബിജെപിയുടെ വിവാദങ്ങള്‍ പ്രചരിപ്പിക്കുന്നതു അപഹാസ്യമാണെന്നും, കോണ്‍ഗ്രസ് നേതാക്കളെ വിവാദങ്ങളില്‍പ്പെടുത്താനുള്ള സിപിഎമ്മിന്റെയും ചില മാധ്യമങ്ങളുടെയും നീക്കങ്ങള്‍ കെപിസിസി നിരസിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.