kerala

പഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍

By Akhila

February 03, 2026

വടക്കഞ്ചേരി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് സര്‍വീസ് നടത്തുന്നതിന് വിലക്ക്. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സര്‍വീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. ഇത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകളാണ് . മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്.

ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍വീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതല്‍ 10 വര്‍ഷം വരെയാണ്. കേരളത്തില്‍ ഇത് 22 വര്‍ഷമാണ്. കേരളത്തില്‍ ബസുകള്‍ മാറ്റേണ്ട ഘട്ടമെത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റി സര്‍വീസ് നടത്തിയിരുന്നു. 30 വര്‍ഷത്തിലധികമായി ഇത് തുടരുന്നുണ്ട്. പുതിയ ബസ് വാങ്ങാന്‍ അന്‍പത് ലക്ഷത്തോളം ചെലവ് വരുമ്പോള്‍ ഉപയോഗിച്ച വാഹനം 10-15 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നതാണ് നേട്ടം.

പഴയ ബസുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങളും വായുമലീനീകരണവും ഒഴിവാക്കാനാണ് വിലക്കെന്നാണ് സംസ്ഥാന ഗതാഗത അതോറിറ്റി പറയുന്നത്. പഴയ വാഹനങ്ങള്‍ വന്നടിയുന്ന സ്ഥലമായി കേരളം മാറാതിരിക്കുന്നതിനും കൂടിയാണ് ഈ തീരുമാനമെടുത്തതെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. മനോജ്കുമാര്‍ പറഞ്ഞു.

പണം മുടക്കി വാങ്ങി പണികള്‍ തീര്‍ത്ത ബസുകളെങ്കിലും ഓടാനുള്ള അനുമതി നല്‍കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇളവാവശ്യപ്പെട്ട് ബസുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.