ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിരോധിച്ച് യോഗി സര്‍ക്കാര്‍. അനധികൃത അറവുശാലകള്‍ പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് മാംസ വില്‍പ്പന നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പൊലീസ് കമ്മിഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മത്സ്യ-മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്നത് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം’ -എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.