Connect with us

kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി.

Published

on

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേര്‍പ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം.

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണം.

കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ അതത് ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം.

ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുഷ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സജ്ജമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

 

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

kerala

രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.

Published

on

മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

 

നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക?
കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ്‌ എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്
ഇന്ത്യൻ സിനിമയിൽ method acting ഇൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാ പാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ Daniel Day- Lewis എന്നോ Robert de Niro എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച Daniel Day-Lewis ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ accent പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. Taxi Driver ആയി അഭിനയിക്കാൻ ജീവിതത്തിൽ de Niro taxi driver ആയതു പോലെ!
ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും (modulation ) ഇത്രമേൽ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്. കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ടു അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ
ഒരു പക്ഷെ തന്റെ രാഷ്റ്റ്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരന്പ്, നന്പകൽ നേരത്തു, കാതൽ. .,അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരനങ്ങൾ. ..
എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം.
അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ
നമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..നാട്യ കലയിൽ സപര്യ തുടരാൻ. ..തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ
ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു :
കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം
ഒരു Mammoottyfan
Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ

ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.

Published

on

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്‌കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കേണ്ടതിനാല്‍ പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.

Continue Reading

Trending