News

ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

By webdesk18

December 24, 2025

കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മൈമെന്‍സിങ്ങില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വസ്ത്ര ഫാക്ടറി തൊഴിലാളി ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ദിപുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആര്‍. അബ്‌റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിപു ദാസിന്റെ കൊലപാതകം ന്യായീകരിക്കാനാവാത്ത ക്രൂരമായ കുറ്റകൃത്യമാണെന്ന് അബ്‌റാര്‍ പറഞ്ഞു. ദിപുവിന്റെ ഭാര്യ, കുട്ടി, മാതാപിതാക്കള്‍ എന്നിവരുടെ പരിപാലന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും, കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മുമ്പ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ദിപുവിന്റെ കുടുംബത്തിന് സാമ്പത്തികവും ക്ഷേമപരവുമായ സഹായം നല്‍കുമെന്നും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്നും മുഹമ്മദ് യൂനുസിന്റെ ഓഫീസ് വ്യക്തമാക്കി. അക്രമത്തെ ഒരു സാഹചര്യത്തിലും ന്യായീകരിക്കില്ലെന്നും, നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വ്യക്തമാക്കി.

ദിപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിപുവിന്റെ സഹോദരന്‍ അപു ചന്ദ്ര ദാസ് ഡിസംബര്‍ 19ന് ഭാലുക പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഡിസംബര്‍ 18നാണ് ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടത്.

മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ആക്രമണമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും, ദൈവനിന്ദയല്ല കൊലപാതകത്തിന് പിന്നിലെ കാരണമെന്നും, ജോലിസ്ഥലത്തെ ശത്രുതയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ദിപുവിന്റെ കുടുംബം അറിയിച്ചു. പയനിയര്‍ നിറ്റ്വെയേഴ്സ് ലിമിറ്റഡ് എന്ന വസ്ത്ര ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന ദിപു, ഫ്‌ലോര്‍ മാനേജറില്‍ നിന്ന് സൂപ്പര്‍വൈസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനായുള്ള റിക്രൂട്ട്മെന്റ് പരീക്ഷ അടുത്തിടെ എഴുതിയിരുന്നു.

സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി ദിപു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും, ആക്രമണം നടന്ന ദിവസം ഫാക്ടറിക്കുള്ളില്‍ സംഘര്‍ഷം രൂക്ഷമായിരുന്നുവെന്നും സഹോദരന്‍ അപു ചന്ദ്ര ദാസ് ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് ജോലി ഉപേക്ഷിക്കാന്‍ ദിപുവിനെ നിര്‍ബന്ധിതനാക്കിയതായും, പിന്നാലെ മതത്തെ അപമാനിച്ചെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കൊല്‍ക്കത്ത ഉള്‍പ്പെടെ പശ്ചിമബംഗാളിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ചയും ബിജെപിഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊല്‍ക്കത്തയെയും ദക്ഷിണ ബംഗാള്‍ ജില്ലകളെയും ബന്ധിപ്പിക്കുന്ന ഹൗറ പാലത്തില്‍ എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉണ്ടായി.

പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെടല്‍ ശക്തമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ സാധാരണ ജീവിതം തടസപ്പെടുത്താനോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ അനുവദിക്കില്ലെന്ന് ഹൗറ പൊലീസ് വ്യക്തമാക്കി.

ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരിയിലെ ഇന്തോബംഗ്ലാദേശ് അതിര്‍ത്തിയിലും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പെട്രാപോള്‍ഘോസദംഗ അതിര്‍ത്തിയിലും ബംഗ്ലാദേശിലേക്കുള്ള ചരക്ക് ട്രക്കുകള്‍ ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞു. ‘സനാതനി ജാതിയോതബാദി മഞ്ച’ പ്രവര്‍ത്തകരാണ് ഘോസദംഗ അതിര്‍ത്തിയില്‍ റോഡ് ഉപരോധം നടത്തി ട്രക്കുകളുടെ ഗതാഗതം തടഞ്ഞത്.