News

ബംഗ്ലാദേശ് പിന്‍മാറുന്നു; ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ ഐസിസി നീക്കം

By webdesk17

January 05, 2026

ധാക്ക: ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ, ടൂര്‍ണമെന്റിന്റെ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷെഡ്യൂളില്‍ മാറ്റം പരിഗണിക്കുന്നത്.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം കൊല്‍ക്കത്തയില്‍ മൂന്ന് മത്സരങ്ങളും മുംബൈയില്‍ ഒരു മത്സരവും ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിസി ചെയര്‍മാന്‍ ഖുര്‍ഷിദ് ഷാ ബംഗ്ലാദേശിന്റെ ആവശ്യത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുന്നതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങളും മാറ്റണമെന്നതാണ് ധാക്കയുടെ ആവശ്യം. ഐപിഎലില്‍ നിന്ന് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ഒഴിവാക്കിയ നടപടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും രോഷാകുലമാക്കി. പിന്നാലെ മുസ്താഫിസുറിന് ഐപിഎലില്‍ കളിക്കാനുള്ള എന്‍ഒസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു. ഇതോടെ, ഭാവിയില്‍ തീരുമാനം മാറിയാലും മുസ്താഫിസുറിന് ഐപിഎലില്‍ കളിക്കാനാകില്ല.

രാഷ്ട്രീയ സാഹചര്യങ്ങളും വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. 2024ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായി. ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതും, തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ക്രിക്കറ്റ് വിവാദത്തിന് പശ്ചാത്തലമായി.

‘ ഞങ്ങള്‍ക്ക് കളിയേക്കാള്‍ വലുതാണ് ബംഗ്ലാദേശ് കളിക്കാരുടെ ആത്മാഭിമാനം. കരാറുണ്ടായിട്ടും ഒരു താരത്തിന് ഇന്ത്യയില്‍ കളിക്കാനാകുന്നില്ലെങ്കില്‍, ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്നതും ഉചിതമല്ല,’ എന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പ്രതികരിച്ചത്. ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിര്‍ത്തിവയ്ക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.ഇതെല്ലാം കണക്കിലെടുത്ത് ഐസിസി എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.